തിരുവനന്തപുരം: സിനിമാരംഗത്തെ സ്ത്രീകളുടെ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ മുമ്പിലുള്ളത് കടുത്ത വെല്ലുവിളികൾ. പ്രമുഖർക്കെതിരെ ആരോപണങ്ങളുമായി നടിമാർ രംഗത്തെത്തിയെങ്കിലും ഇവർ പരാതികളുമായി രംഗത്തെത്തുമോ എന്ന ആശങ്ക പൊലീസിനുണ്ട്. പരാതികൾ ലഭിച്ചില്ലെങ്കിൽപ്പോലും പ്രാഥമികാന്വേഷണം നടത്തി മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര, നടൻ സിദ്ദിഖിനെതിരെ ആരോപണമുന്നയിച്ച രേവതി സമ്പത്ത് എന്നിവർ പൊലീസിന് പരാതി നൽകില്ലെന്ന കാര്യം ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ പ്രാഥമികാന്വേഷണം നടത്താൻ തടസ്സമില്ലെങ്കിലും പരാതി നൽകിയില്ലെങ്കിൽ കേസെടുക്കുന്നതിന് സാങ്കേതികവും നിയമപരവുമായ തടസ്സമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ചാനലുകൾക്ക് മുന്നിൽ അതിജീവിതകൾ ഉന്നയിക്കുന്ന ആരോപണത്തിൽ സ്വമേധയാ കേസെടുത്താൽ കോടതിയിൽ അത് നിലനിൽക്കില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. അതിനാൽ പരാതി നൽകാൻ തയ്യാറാകുന്നവർ തങ്ങളെ സമീപിക്കട്ടെയെന്നാണ് പൊലീസ് നിലപാട്.
എന്നാൽ ശ്രീലേഖ മിത്ര, രേവതി സമ്പത്ത് തുടങ്ങിയവർക്ക് ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ പരാതിയുണ്ടോ എന്നും മൊഴി നൽകാൻ തയ്യാറാണോ എന്നും പൊലീസ് നേരിട്ട് തിരക്കും. പരാതി ലഭിച്ചില്ലെങ്കിൽ അത് നിയമോപദേശത്തിനായി വിടും. നിയമോപദേശം ലഭിച്ചശേഷം സർക്കാർ നിർദേശം വന്നാൽ പ്രാഥമികാന്വേഷണം നടത്താനോ കേസെടുക്കാനോ പൊലീസ് തയ്യാറാകും. അതിജീവിതകൾക്ക് സ്വകാര്യത ഉറപ്പുവരുത്താനും വിശ്വാസ്യത ഉണ്ടാകാനും വേണ്ടി നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ സാക്ഷികൾ തുറന്നുപറഞ്ഞ ലൈംഗികാതിക്രമങ്ങളിൽ ഇപ്പോൾ കേസെടുക്കില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത് എന്നതാണ് തടസ്സം.