ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ആരോഗ്യപരമായ അപകടസാധ്യതകൾ തടയുന്നതിനും അനുയോജ്യമായ വ്യായാമ മാതൃകയാണ് നടത്തം. ഹൃദയം, എല്ലുകൾ, പേശികൾ എന്നിവ ശക്തിപ്പെടുത്താനും ഊർജ്ജ നിലകൾ വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും സന്തുലിതാവസ്ഥയും ഏകോപനവും മെച്ചപ്പെടുത്താനും കഴിയുന്ന മികച്ച കാർഡിയോ വ്യായാമമാണ് നടത്തം. ദിവസവും 30 മിനിറ്റ് നടത്തിനായി മാറ്റിവെക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഫലപ്രദമായ വ്യായാമാണിത്. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ക്ഷേമം നിലനിർത്താൻ നടത്തം വളരെയധികം സഹായിക്കും.
ഉന്മേഷപ്രദമായ ഒരു പ്രഭാത സവാരി നിങ്ങൾക്ക് ശുദ്ധവായു, സന്ധികൾക്ക് വ്യായാമം, വിറ്റാമിൻ ഡി എന്നെ ഗുണങ്ങൾ നൽകുന്നു. നടത്തത്തിന് പ്രത്യേക ഉപകരണങ്ങൾ ആവശ്യമില്ല, മാത്രമല്ല ദൈനംദിന ദിനചര്യകളിൽ എളുപ്പത്തിൽ ഉൾപ്പെടുത്താനും കഴിയും. പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയുന്നു.
നടക്കാൻ അറിയാമെങ്കിലും ഒരു വ്യായാമമെന്നനിലയിൽ എങ്ങനെ നടക്കണം എന്നറിയാത്തവരായിരിക്കും ഭൂരിഭാഗം പേരും. ഏത് പ്രായത്തിലുള്ളവരായാലും ആദ്യം കുറച്ച് ദൂരം നടന്ന് തുടങ്ങുക ഇതൊരു ശീലമായി കഴിഞ്ഞാൽ പതുക്കെ ദൂരം കൂട്ടാം. പിന്നെ പിന്നെ കുറെ ദൂരം വേഗത്തിൽ നടക്കാൻ ശ്രമിക്കുക. നടക്കുമ്പോൾ ശരിയായ പാദരക്ഷകൾ ധരിക്കാൻ ശ്രമിക്കണം. കാലുകൾക്ക് വേദനയും പരിക്കും പറ്റാത്തിരിക്കാൻ കംഫർട്ടബിൾ ആയിട്ടുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. പൊതുവെ വാക്കിംഗ് ഷൂസാണ് നല്ലത് പ്രായത്തിന് അനുസരിച്ച് വാക്കിംഗ് അല്ലെങ്കിൽ റണിങ് ഷൂസ് ഉപയോഗിക്കാം. കാലുകളുടെ അളവിന് ചേരുന്നത് ഉപയോഗിക്കാൻ ശ്രമിക്കണം. ചെറുതോ അല്ലെങ്കിൽ വലുതോ ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല നടു നിവർത്തി നടക്കാൻ ശ്രമിക്കണം അല്ലാത്തപക്ഷം മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടും. നേരെ നട്ടെല്ല് നിവർത്തി തോളുകളും ശരിയായ വച്ച് താടി തറയ്ക്ക് നേരെ വെച്ച് കൈകൾ വീശി വേണം നടക്കാൻ. മുൻപിലേക്കോ പുറകിലേക്കോ കൂനി നടക്കുന്നത് ഒഴിവാക്കുക. നടക്കാൻ പോകുമ്പോൾ കുപ്പിവെള്ളം കരുതുന്നത് ഏറെ നല്ലതാണ്.
30 മിനിറ്റ് വേഗത്തിലുള്ള നടത്തം വഴി ശരീരത്തിൽ നിന്നും ഏകദേശം 200 കലോറി കുറയ്ക്കാം. പതിവായി നടക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത തടയുക, ശരീരഭാരം കുറക്കുക, സന്ധിവേദന ലഘൂകരിക്കുക,മാനസികാവസ്ഥ മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വർധിപ്പിക്കുക തുടങ്ങിയ ധാരാളം സാധ്യതകൾ നടത്താമെന്ന വ്യായാമത്തിലൂടെ ക്രമീകരിക്കാൻ കഴിയും. കൊഴുപ്പും കലോറിയും കത്തിക്കാൻ നടത്തം അനുയോജ്യമാണ്. പതിവായ നടത്തിതിനോടൊപ്പം ശരിയായ ഭക്ഷണ ശീലം പിന്തുടരുന്നതോടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ആശുപത്രി സന്ദർശനത്തിന്റെ എണ്ണം കുറയ്ക്കുകയും ചെയ്യാം.
STORY HIGHLIGHT : Benefits of walking