ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു രാമേശ്വരം യാത്ര, യാമി ചേച്ചിയുടെ പോസ്റ്റുകൾ കണ്ട് ഇഷ്ടം തോന്നിയൊരു ഇടം, പോസ്റ്റിലെ പൂക്കളും, നീല വിരിച്ച കടലും, തിരയും, ഇതൊക്കെയായിരുന്നു ലക്ഷ്യം, എന്നെങ്കിലും ഒരിക്കൽ പ്രിയപ്പെട്ടൊരാൾക്കൊപ്പം തീരുമാനിച്ച ഒരുയാത്ര. പിന്നീട് അത് ഒറ്റയ്ക്കാവാം എന്നതിലേക്ക് മാറി. അല്ലെങ്കിലും യാത്ര ചെയ്യാൻ കൂടെ ഒരാളെ കാത്തിരുന്ന് ജീവിതം കളയുന്നതിന് എനിക്ക് നേരമില്ലായിരുന്നു. കാരണം അപ്പോഴായിരുന്നു ഞാൻ സ്വയം തിരിച്ചറിഞ്ഞു സ്നേഹിച്ചും തുടങ്ങിയത് അത് മുളയിലേ തല്ലി കളയാൻ മനസ്സും സമ്മതിച്ചില്ല. അങ്ങനെ തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ചു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുറിച്ചു കടന്നുളള യാത്രയിൽ ഏകദേശം 170 കിലോമീറ്റർ ദൂരമുണ്ട് രാമേശ്വരത്തേക്ക്. വൈഗ നദിയും മുറിച്ച് കടന്ന് മധുര പട്ടണത്തിൻ്റെ തിരക്കുകൾ പിന്നിട്ട് ദേശീയ പാത 87 വഴി രാമേശ്വരം മുനമ്പിലേക്ക്. വലിയ തിരക്കില്ലാത്ത മികച്ച 4 വരി പാത. മൂന്നോ നാലോ ടോൾ നൽകാനുണ്ട്. ഫാസ്റ്റ് ടാഗില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ടോൾ ഗേറ്റുകളിൽ സംഭവിക്കും. ഈ റോഡ് ട്രിപ്പിൽനിന്നും പഠിച്ച പ്രധാന പാഠമാണ്. പൊതുവെ വരണ്ട ഭൂപ്രകൃതി. മിക്കവാറും സ്ഥലങ്ങളിൽ വലിയ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കൂടിയാണ് ദേശീയ പാത കടന്നുപോകുന്നത്. റോഡിൽ കാര്യമായ തിരക്കില്ലാത്തതും കിലോമീറ്ററുകളോളം നേർരേഖയിൽ ദൃശ്യമാകുന്നതിനാലും അതിവേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ കരപ്രദേശത്തിൻ്റെ അവസാനമായ മണ്ഡപം പിന്നിട്ട് രാമേശ്വരം ദ്വീപിലേക്ക് പ്രവേശിച്ചു. മണ്ഡപത്തിൽ നിന്ന് പ്രസിദ്ധമായ പാമ്പൻപാലം വഴിയാണ് രാമേശ്വരത്തിലേക്കുള്ള യാത്ര. രണ്ടര കി.മി അടുത്താണ് ഈ കടൽപാലത്തിൻ്റെ നീളം. പാലത്തിന് സമാന്തരമായി ഏതാണ്ട് 50 മീറ്റർ ദൂരെയായി റെയിൽ പാലവും കടന്നുപോകുന്നു. പാമ്പൻപാലത്തിൽ വാഹനത്തിനു പാർക്കിംഗ് വിലയുണ്ടെങ്കിലും പാലത്തിൽ നിന്നുളള കാഴ്ചകൾ സഞ്ചാരികളെ തെല്ലൊന്നുമല്ല ആകർഷിക്കുന്നത്. വിലക്കുകൾ ലംഘിച്ച് പാലം നീളെ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. തൊട്ടടുത്തുളള റെയിൽ പാലത്തിലൂടെ ട്രെയിൻ പോകുന്ന കാഴ്ച കാണാനാണ് സഞ്ചാരികളിൽ ഏറെപേർക്കും ആകാംക്ഷ. പാലവും കടന്ന് രാമേശ്വര ദ്വീപിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുന്നത് ഡോ. എ.പി.ജെ അബ്ദുൾ കലാമിൻ്റെ പേരിലുളള മ്യൂസിയമാണ്. ഡോ. കലാമിൻ്റെ ജീവിതചിത്രങ്ങളാലും പെയിൻ്റിംഗുകളാലും ഒക്കെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന വിധം ആരെയും ആകർഷിക്കുന്നു. മ്യൂസിയം സന്ദർശിച്ച് രാമേശ്വരം പട്ടണത്തിലേക്ക് പ്രവേശിച്ചു. ദൂരെയായി രാമനാഥ ക്ഷേത്രഗോപുരം. ക്ഷേത്രത്തിനടുത്ത് താമസസ്ഥലം മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. റൂമിലെത്തി ഫ്രഷായി രാമേശ്വരം ക്ഷേത്ര നഗരം കാണാൻ പുറത്തിറങ്ങി. അസ്തമയ പ്രഭയിൽ ക്ഷേത്രപരിസരവും ഗോപുരങ്ങളും സ്വർണ്ണവർണ്ണ ശോഭയാർന്ന ഭംഗിയിൽ തിളങ്ങി തുടങ്ങിയിരുന്നു. പയ്യെ താഴെയുള്ള കടയിൽ നിന്നും ചൂട് ഇഞ്ചി ചായയും കുടിച്ച് ഒരു സിഗരറ്റും വലിച്ച് നടത്തം തുടങ്ങി. ക്ഷേത്രത്തിന് പിറകിൽ ആണ് കടല്ലെന്ന് യാമി മാമിയുടെ പോസ്റ്റിൽ പണ്ട് വായിച്ച ഓർമ്മയുണ്ട്. അതായിരുന്നു ലക്ഷ്യം. ഫോണിൽ പാട്ടും വച്ച് ഹെഡ്സെറ്റും ചെവിയിൽ തിരുകി മെല്ലെ നടന്നു തുടങ്ങി. ക്ഷേത്രം കടന്ന് ഒരുപാട് കുഞ്ഞു കുഞ്ഞു കടകൾ കണ്ട് കടലിനരികിലേക്കായിരുന്നു യാത്ര. എന്നാൽ പ്രതീക്ഷിച്ച ഭംഗി എനിക്കവിടെ കിട്ടിയില്ല. അഴുക്കു വെള്ളത്തിൽ ഒരുപാട് പേർ കുളിക്കുന്നു. അവിടെ പോയി മുങ്ങി കുളിച്ചാൽ എഴ് ജന്മത്തിലെ പാപം തീരുമാത്രേ.. എന്നാൽ ചെയ്തതിനേക്കാൾ ഇനി ചെയ്യാനിരിക്കുന്ന പാപങ്ങൾ ഓർത്തപ്പോൾ കുളിക്കുന്നത് പോയിട്ട് ഒന്ന് കാലുകൾഴുകാൻ പോലും തോന്നിയില്ല. കുറച്ച് നേരം അവിടെയിരുന്നു പിന്നെ തിരിച്ചു നടന്നു ലക്ഷ്യം പാമ്പൻ പാലം തന്നെ. അങ്ങനെ നടക്കുമ്പോൾ ആണ് ഒരുപാട് ചിപ്പി കെട്ടി തൂകിയ ഒരു കട കണ്ണിൽ തടഞ്ഞത്. എന്റെ ഉള്ളിലെ പ്രാന്ത് ചെറുതായി ഉണർന്നത് പോലെ. പയ്യെ അങ്ങോട്ട് കാല് അറിയാതെ ചലിച്ചു തുടങ്ങി. മുത്തും ചിപ്പിയും കൊണ്ട് അലങ്കരിച്ച വലിയൊരു കണ്ണാടിയിലായിരുന്നു എന്റെ കണ്ണിന്റെ ലക്ഷ്യം. പിന്നെ ഒന്നും നോക്കിയില്ല അത് അങ്ങ് വാങ്ങി. വാങ്ങിയില്ലെങ്കിൽ വീട്ടിൽ എത്തിയാൽ വാങ്ങാമായിരുന്നു എന്ന ചിന്ത തലയ്ക്ക് മേലെ പറന്നു നടക്കുമെന്ന് നന്നായറിയാം. അങ്ങനെ അതും വാങ്ങി ഫോട്ടോയും എടുത്ത് പാലത്തിലേക്ക് നടന്നു. ആദ്യം പറഞ്ഞത് പോലെ രണ്ട് കിലോമീറ്റർ. എന്നാൽ പോയതറിഞ്ഞില്ല. പാലത്തിൽ എത്തിയപ്പോൾ നല്ല തണുത്ത കാറ്റ് എന്റെ മുടിയിഴകളെ തലോടി പോകാൻ തുടങ്ങി. എന്തോ ഒരു സങ്കടം പെട്ടന്ന് വന്ന് പൊതിഞ്ഞത് പോലെ. അത് ആലോചിച്ച് കളയാൻ സമയമില്ല അത് കൊണ്ട് പിന്നേം ഒരു സിഗരറ്റെടുത്ത് ചുണ്ടിലേക്ക് ചേർത്ത് വച്ച് കത്തിച്ചു പാട്ടും കെട്ട് പാലം തീരും വരെ കടലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നടന്നു. കുറച്ച് കടല മിട്ടായിയും വാങ്ങി. ആഹാ ന്താ സുഖം. പാലം തീർന്നപ്പോൾ ഒരു ചെറിയ കവല നേരം നല്ല പോലെ ഇരുട്ടിയിരുന്നു. അവിടെ ഒരു തട്ടുകടയിൽ പോയി നല്ല ചൂട് കുഞ്ഞു പൊറോട്ടയും ചിക്കൻ കറിയും ഇഞ്ചി ചായയും അകത്താക്കി. തമിഴ്നാട് രുചി പിടിക്കില്ല എന്നായിരുന്നു ഓർത്തത് എന്നാൽ ചിന്തകൾ മുഴുവനും തെറ്റി എന്താ രുചി. അവസാനം കഴിച്ച് പയ്യെ ഇറങ്ങി അപ്പഴായിരുന്നു അമ്മ വിളിച്ചത്. അമ്മയോട് കഥയും പറഞ്ഞ് കൊണ്ട് പാലം തീരും വരെ കാറ്റും കൊണ്ട് നടന്നു. പാലം തീരുമ്പോഴും ഒരു കവല. അപ്പോഴായിരുന്നു ഒരു ബേക്കറിയിലേക്ക് കണ്ണ് പിന്നെയും പാഞ്ഞത്. ഷുഗർ കട്ട് ഒക്കെ തല്ക്കാലം മാറ്റി വെക്കാമെന്ന് എന്റെ മനസ്സ് മൊഴിഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ ശ്രീ രാജലക്ഷ്മി അയ്യങ്കാർ ബേക്കറിയിലേക്ക് ആയി നടത്തം. ചുറ്റിനും ഏഴു നിറവും കൊണ്ട് നിറഞ്ഞ പലഹാരത്തിന്റെ ഒരു ശേഖരണം തന്നെ. ഉയ്യോ എന്ത് കഴിക്കും എന്ന കൺഫ്യൂഷൻ ഇരച്ചു കയറിയപ്പോഴായിരുന്നു ഒരു ഓറഞ്ച് നിറത്തിലുള്ള ഇത്തിരി കുഞ്ഞൻ കണ്ണിൽ തട്ടിയത്. പേര് നോക്കിയപ്പോൾ ബാദുഷ. ആഹാ കൊള്ളാലോ.. എന്നാ പിന്നെ അവൻ തന്നെ ആയിക്കോട്ടെ ഒരണ്ണം. മധുരം ആയത് കൊണ്ടാണെന്നു തോന്നുന്നു കുറച്ച് മിസ്ച്ചറും കൂടി ഇട്ടായിരുന്നു തന്നത്. ആള് കാണാൻ മാത്രമല്ല രുചിയും അടിപൊളി തന്നെ മൈദയും നെയ്യും ഒക്കെ ചേർത്തൊരു സാധനം. അതും കഴിഞ്ഞ് നേരെ റൂമിൽ പോയി കിടന്നു. യാത്ര ക്ഷീണം നല്ലരീതിയിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഉറക്കം പെട്ടന്ന് വന്നു. രാവിലെ എണീറ്റ് അമ്പലത്തിലും പോകണം. ധനുഷ്കോടിയും പോണം. പക്ഷേ സ്ഥലം മാറിയത് കൊണ്ടാണോ എന്തോ ഉറക്കം നല്ല രീതിയിൽ കിട്ടിയില്ല. രാവിലെ തന്നെ എണീറ്റു കുളിച്ച് അമ്പലത്തിലേക്ക് പോയി. രാവിലെ തന്നെ നല്ല തിരക്കായിരുന്നു. അവിടെ പോയപ്പോൾ ഒത്ത പൊക്കം ഉള്ളൊരു പയ്യൻ. ഇരുനിറം നെറ്റിയിൽ നിറയെ ചന്ദനവും ഭസ്മവും കൊണ്ട് നിറച്ചിട്ടുണ്ട്.
” ഡേയ്യ് പൊണ്ണ് ” നല്ല പൗരുഷം ഉള്ള ശബ്ദം. അത് അയാളിൽ നിന്നായിരുന്നു. ബാല അതായിരുന്നു പേര്. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ക്ഷേത്രം തുറന്നിരുന്നില്ല. അമ്പലത്തിൽ രാവിലെ കേറണമെങ്കിൽ പാസ്സ് വാങ്ങണം. ഫ്രീ പാസ്സ് 8മണിക്കേ ഉള്ളു. 8 മണി വരെ നിന്നാൽ ധനുകോടിക്കുള്ള യാത്ര നടക്കില്ല. എന്റെ കൈയിൽ ആണേൽ പൈസയും ഇല്ല. എല്ലാം ജീപേ. അയാളോട് തന്നെ ചോദിക്കാം. തമിഴ് അത്യാവശ്യം അറിയാവുന്നത് കൊണ്ട് അയാളോട് കാര്യം പറഞ്ഞു. അങ്ങനെ അയാൾ കാരണം അമ്പലത്തിൽ കേറി.പഴമയുടെയും പ്രൗഢിയുടെയും ലക്ഷണങ്ങൾ എമ്പാടും കാണാം. കല്ലും മൺടൈലുകളും വിരിച്ച നീണ്ട ഇടനാഴികളിൽ കടും നിറത്തിലുളള ചായം മേൽക്കൂരയിലെ ചിത്രങ്ങളിൽ പൂശിയിരുന്നു. കൃത്രിമമായ കൊത്തുപണികളോടുകൂടി അലംകൃതമായ ആയിരത്തിൽപ്പറമ്പ് തൂണുകളാണ് താങ്ങിനിർത്തുന്നത്. 12-ാം നൂറ്റാണ്ടിൽ ശ്രീലങ്കൻ രാജവംശമാണ് ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയും നിർമ്മാണവും ആരംഭിച്ചത്. മൂന്ന് നിറ ഇടനാഴികളാണ് ക്ഷേത്രത്തിനുളളത്.ഏറ്റവും പുറത്തുളള ഇടനാഴികൾക്ക് 120 മുതൽ 195 മീറ്റർ വരെ നീളമുളളതായാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും നീണ്ട ഇടനാഴികളുളള ക്ഷേത്രമായി രാമേശ്വരം ക്ഷേത്രം കണക്കാക്കുന്നു. ഇപ്പോഴും നിർമ്മാണം അപൂർണമായ നിലയിലാണ്. ക്ഷേത്രത്തിൻ്റെ പല ഭാഗങ്ങളും രണ്ടാം നിര ഇട നാഴികളിൽ നിരവധി ശിവലിംഗങ്ങളും ഗണപതി പ്രതിഷ്ഠയും കാണാം. ഏറ്റവും അകത്തുളള മൂന്നാം നിര ഇടനാഴികൾക്കകത്താണ് വലുതും ചെറുതുമായ രാമനാഥ സ്വാമിയുടെ ലിംഗരൂപത്തിലുളള ഇരട്ട പ്രതിഷ്ഠകൾ.
പുലർച്ചെ 4 മണിയോട്കൂടി ഭക്തജന തിരക്ക് തുടങ്ങുകയായി. ക്ഷേത്രത്തിന് മുമ്പിലുളള ബംഗാൾ ഉൾക്കടൽ തീരത്ത് ബലികർമ്മങ്ങൾ നടത്താനാണ് പ്രധാനമായും തീർത്ഥാടകർ എത്തുന്നത്. ബലി കർമ്മങ്ങൾ നടത്തി അഗ്നി തീർത്ഥം എന്ന് വിശ്വസിക്കുന്ന കടലിൽ മുങ്ങി നിവർന്ന് ക്ഷേത്ര ദർശനം നടത്തി. ക്ഷേത്രത്തിനകത്തും പുറത്തുമുളള 64 തീർത്ഥങ്ങളിൽ മുങ്ങിയാലെ രാമേശ്വരം ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാകൂ എന്നാണ് വിശ്വാസം. രാമേശ്വരം ദ്വീപിൻ്റെ തെക്കുഭാഗത്ത് കടലിലേക്ക് കിടക്കുന്ന ഒരു തുരുത്താണ് ധനുഷ്കോടി. രാമേശ്വരത്തു നിന്നും 25 കി.മി. റോഡ് ദൂരമുണ്ട് ധനുഷ്കോടിക്ക്. വളരെ സമ്പന്നമായ ഭൂതകാലം പേറുന്ന ഓർമ്മകളാണ് ധനുഷ്കോടിക്കുളളത്. ബ്രിട്ടീഷ് ഭരണത്തിൻ്റെ ആദ്യകാലങ്ങളിൽ കോളനികളായിരുന്ന ഇന്ത്യയേയും ശ്രീലങ്കയേയും ബന്ധിപ്പിച്ചിരുന്ന മദ്രാസ്-സിലോൺ ട്രെയിൻ-ഫെറി -ട്രെയിൻ സർവ്വീസിൽ പ്രധാന സ്റ്റേഷനായിരുന്നു ധനുഷ്കോടി. മദ്രാസിൽ നിന്നും യാത്രക്കാരും ചരക്കുകളുമായി വരുന്ന ട്രെയിൻ ധനുഷ്‌ക്കോടിയിൽ നിന്നാണ് സിലോണി (ഇന്നത്തെ ശ്രീലങ്ക) ലെ തലൈ മണ്ണാറിലേക്കുള്ള ഫെറിയിലേക്ക് മാറുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതിന് കുറച്ചുകാലം മുമ്പുവരെ ഇതു തുടർന്നു. 1964 ലെ കടൽ ക്ഷോഭത്തിലും കൊടുങ്കാറ്റിലും രാമേശ്വരം ധനുഷ്ക്കോടി പാത കടൽ വിഴുങ്ങുകയും ധനുഷ്ക്കോടി എന്ന പട്ടണത്തെ തന്നെ അപ്രത്യക്ഷമാക്കുകയും ചെയ്തു. രാമേശ്വരത്തു നിന്നുളള റോഡ് യാത്ര കടലിന് നടുവിലൂടെയുളള ഒരു ഇടനാഴിയിലൂടെയുളള യാതയാണ്. ഇടതുവശത്ത് ബംഗാൾ ഉൾക്കടലും വലതുവശത്ത് ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലൂടെയുളള യാത്ര. പ്രക്ഷുബ്ധമായ ഇന്ത്യൻ മഹാസമുദ്രത്തെ ചെറുക്കാൻ റോഡരികിലായ കരിങ്കൽക്കൂനകൾ കാണാം. ഇടതുവശത്താവട്ടെ ശാന്തമായ അലകളുയരാത്ത ഉൾക്കടലിൽ മത്സ്യ തൊഴിലാളികളും തോണികളും കാണാം. എല്ലാം കണ്ട് കഴിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല. തിരിച്ചു വന്ന് ദോശ കഴിച്ച് വയറ് നിറച്ചു. അവസാനം കുറച്ച് ബാദുഷയും വാങ്ങി.
നീല പട്ടു വിരിച്ച ആ കടലിനോട് യാത്ര പറഞ്ഞ്. വീണ്ടും കാണാം കാണണം എന്ന് മനസ്സിൽ കരുതി തിരിച്ചിറങ്ങി.