ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കർണ്ണാടക മുഖ്യമന്ത്രിയെ കാണും. ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ ഉടൻ തുടങ്ങണമെന്ന് ഇവർ ആവശ്യപ്പെടും. കർണാടക സർക്കാർ അലംഭാവം തുടരുകയാണെങ്കിൽ നിരാഹാരം അടക്കമുള്ള മാർഗ്ഗങ്ങളിലേക്ക് നീങ്ങുമെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
ബുധനാഴ്ചയാണ് ജനപ്രതിനിധികൾക്കൊപ്പം അർജുൻ്റെ കുടുംബം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണുക. അർജുനായുള്ള തെരച്ചിൽ നിർത്തി വെച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
ഡ്രെഡ്ജർ എത്തിച്ച് ഗംഗാവലി പുഴയിൽ തെരച്ചിൽ ഉടൻ തുടങ്ങണമെന്ന് കുടുംബം ആവശ്യപ്പെടുമെന്ന് അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.
ഈ മാസം 16 നാണ് അവസാനമായി തെരച്ചിൽ നടന്നത്. ദുരന്തമുഖത്ത് കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനോ സന്നദ്ധ പ്രവർത്തകർക്ക് തിരച്ചിലിന് അനുമതി നൽകാനോ കർണാടക സർക്കാർ തയ്യാറാകുന്നില്ല. മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്തണമെന്നതടക്കം നിരവധി ആവശ്യങ്ങൾ അർജുൻ രക്ഷാ സമിതി ഉന്നയിക്കുന്നുണ്ട്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാരമടക്കം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.