Kerala

നൊട്ടോറിയസ് ഡയറക്ടർ : സംവിധായകൻ തുളസീ​ദാസിനെതിരെ ​ഗുരുതര ആരോപണവുമായി നടി ​ഗീതാ വിജയൻ

നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നത്'

നടി ശ്രീദേവികയ്ക്ക് പിന്നാലെ സംവിധായകൻ തുളസീ​ദാസിനെതിരെ ​ഗുരുതര ആരോപണവുമായി നടി ​ഗീതാ വിജയനും രംഗത്ത്. 1991 ൽ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ​ഗീതാ വിജയൻ പങ്കുവെക്കുന്നത്. ഹോട്ടൽ മുറിയിൽ വച്ച് പലതവണ ശല്യം ചെയ്തു. ‌ഹോട്ടൽമുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എതിർത്തപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടർച്ചയായി ബുദ്ധിമുട്ടിച്ചു. താൻ ചീത്ത വിളിച്ചപ്പോൾ ഓടിപ്പോയി. പിന്നീട് സെറ്റിൽ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി.‌‌

സീൻ വിവരിച്ച് തരാൻ പോലും പിന്നീട് സംവിധായകൻ തയ്യാറായില്ല. സിനിമാ മേഖലയിൽ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ​ഗീതാ വിജയൻ പറഞ്ഞു.

അതേ സമയം പ്രൊഡക്ഷൻ കൺഡ്രോളർ അരോമ മോഹനെതിരെയും ​ഗീതാ വിജയൻ ആരോപണം ഉന്നയിച്ചു. ഈ വിഷയത്തിൽ എഎംഎംഎയിൽ പരാതി നൽകിയിരുന്നു. അന്നത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചാണ് ആദ്യം പറഞ്ഞത്. പ്രൊജക്ടിന് വേണ്ടി വിളിക്കുമ്പോഴാണ് അരോമ മോഹൻ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നെ വിളിച്ചിട്ടില്ല. പരാതി നൽകിയിട്ടും അയാൾക്ക് ധാരാളം ചിത്രങ്ങൾ ഉണ്ട്. തനിക്കാണ് ചിത്രങ്ങളില്ലാതായതെന്നും ​ഗീതാ വിജയൻ വ്യക്തമാക്കി. ഓരോ സിനിമയിലും ഓരോ ആളുകളാണ് പവർഫുൾ. ഇടവേള ബാബു അരോമ മോഹനെ വിളിച്ച് ചീത്ത പറഞ്ഞു എന്നാണ് അറിഞ്ഞത്. തുളസീദാസിനെതിരെയുള്ള ശ്രീദേവികയുടെ പരാതിയിൽ അവർക്കൊപ്പം നിൽക്കുമെന്നും ​ഗീതാ വിജയൻ അറിയിച്ചു.