Kerala

സ്ത്രീകള്‍ നിര്‍ഭയമായി രംഗത്തുവരണം, പരാതികള്‍ തുറന്നുപറയണം : നടന്‍ പ്രേംകുമാര്‍

ഇന്ത്യയില്‍ ആദ്യമായിട്ടാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരളം ഒരു കമ്മിറ്റിയെ

സ്ത്രീകള്‍ നിര്‍ഭയമായി രംഗത്തുവരണമെന്നും അവര്‍ പരാതികള്‍ തുറന്നുപറയണമെന്നും നടന്‍ പ്രേംകുമാര്‍. ഇത് കേരളമാണെന്നും സ്ത്രീകള്‍ അപമാനഭാരത്താല്‍ ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും, മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരളം ഒരു കമ്മിറ്റിയെ വച്ചത്. ഇത്തരത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടിയാണ്. വനിതാ സിനിമാ പ്രവര്‍ത്തകര്‍ കമ്മിറ്റിക്ക് മുന്നില്‍ പലതും തുറന്നുപറഞ്ഞിട്ടുണ്ട്. നേരിടുന്ന അപമാനങ്ങളും പ്രശ്‌നങ്ങളുമാണ് കമ്മിറ്റിക്ക് മുന്‍പാകെ അവര്‍ പറഞ്ഞത്. റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. സെറ്റുകളില്‍ പരാതി പറയാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചു.

റിപ്പോര്‍ട്ട് നേരത്തെ പുറത്തുവരേണ്ടതായിരുന്നു. സര്‍ക്കാരിന് ഒരുപാട് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു.  ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് പുറത്തുപോകരുതെന്ന് കത്ത് നല്‍കിയിരുന്നു. ഒരുപാട് ആരോപണങ്ങള്‍ നേരത്തെ തന്നെ സിനിമയില്‍ കേട്ടിരുന്നു. പക്ഷേ അന്ന് ആരും തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. സ്ത്രീകള്‍ നിര്‍ഭയമായി രംഗത്തുവരണം, അപമാന ഭാരത്താല്‍ ഒളിച്ചിരിക്കേണ്ട കാര്യമില്ല. അവര്‍ പരാതികള്‍ തുറന്നുപറയണമെന്നും പ്രേംകുമാര്‍ പറഞ്ഞു.