തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സംവിധായകന്‍ തുളസീദാസ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അനാവശ്യ ആരോപണങ്ങളാണെന്നും, സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് ഗീതാ വിജയനും, ശ്രീദേവികയെന്നും തുളസീദാസ് പറഞ്ഞു.സിനിമാ ചിത്രീകരണ സമയത്ത് അവരെ വഴക്ക് പറഞ്ഞിരുന്നു. അത് തെറ്റുണ്ടാക്കുമ്പോള്‍ പറയുന്ന സ്വാഭാവിക പ്രക്രിയല്ലേ. നിരവധി പേരുടെ അദ്ധ്വാനവും പണവും സമയ നഷ്ടവും വരുമ്പോള്‍ സാധാരണയായി ഇത്തരം വഴക്കുകള്‍ പറയാറുണ്ട്. അതൊന്നും മനസില്‍ ദേഷ്യംവെച്ചല്ല. അതിന്റെയൊക്കെ ദേഷ്യമാണോ ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.
ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്. ഞാന്‍ മുറിയില്‍ പോയി കതകില്‍ തട്ടി എന്നോ വാതില്‍ തുറന്നപ്പോള്‍ പുറത്തുനില്‍ക്കുന്നത് കണ്ടെന്നോ മറ്റോ ആണ് പറഞ്ഞത്. അങ്ങനെ വാതില്‍ തുറന്ന് കണ്ടെങ്കില്‍ എന്നോട് ചോദിക്കാമല്ലോ എന്ത് വേണമെന്ന്. അതൊന്നും ഉണ്ടായിട്ടില്ല. നെല്ലിയാമ്പതിയില്‍ സെക്കന്റ് ഷെഡ്യൂളില്‍ പാട്ടും ഷൂട്ടുമൊക്കെ കഴിഞ്ഞ് ഷേക്ക് ഹാന്‍ഡ് തന്ന് ഫോട്ടോയെടുട്ട് സന്തോഷത്തോടെ പോയ ആര്‍ട്ടിസ്റ്റാണ് അവര്‍. ഷൂട്ടിനിടയില്‍ ഒരിക്കല്‍ വഴക്ക് പറഞ്ഞിരുന്നു. ഡ്രസ് ചേഞ്ചിന് ഒരു മണിക്കൂറെടുത്തപ്പോഴാണ് വഴക്ക് പറഞ്ഞത്. അന്ന് നന്നായി വഴക്ക് പറഞ്ഞു. ഉര്‍വശിയെയും ശോഭനയേയും കണ്ട് പഠിക്കണമെന്നും അവരൊക്കെ ഡ്രസ് ചേഞ്ച് ചെയ്ത് ഒരു മിനിറ്റ് കൊണ്ടാണ് വരുന്നതെന്നും സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കുന്നവരാണെന്നും പറഞ്ഞിരുന്നു. അതിന്റെ ദേഷ്യം ചിലപ്പോള്‍ ഉള്ളിലുണ്ടാകാം. റൂം ഷിഫ്റ്റ് ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല. ഷൂട്ട് തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ റൂം മാറിയിരുന്നു. വഴക്ക് പറഞ്ഞതൊക്കെ ഇതിന് മുമ്പാണ്. സീന്‍ വെട്ടിക്കുറച്ചു എന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലേ. ദേഷ്യം ഉണ്ടെന്ന് കരുതി ആരെങ്കിലും സീന്‍ വെട്ടിക്കുറക്കുമോ തുളസീദാസ് പറയുന്നു.
1991 ല്‍ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയന്‍ പങ്കുവെച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ച് പലതവണ ശല്യം ചെയ്തു. ഹോട്ടല്‍മുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എതിര്‍ത്തപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. താന്‍ ചീത്ത വിളിച്ചപ്പോള്‍ ഓടിപ്പോയി. പിന്നീട് സെറ്റില്‍ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീന്‍ വിവരിച്ച് തരാന്‍ പോലും പിന്നീട് സംവിധായകന്‍ തയ്യാറായില്ല. സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. 2006ല്‍ അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് നടി ശ്രീദേവികയുടെ വെളിപ്പെടുത്തല്‍. സംവിധായകന്‍ തുളസീദാസ് രാത്രി ഹോട്ടല്‍ മുറിയിലെ കതകില്‍ തുടര്‍ച്ചയായി മുട്ടി വിളിച്ചു. മൂന്നോ നാലോ ദിവസം കതകില്‍ മുട്ടി. റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും ശ്രീദേവിക പറഞ്ഞു.