കൊച്ചി: സംവിധായകന്‍ വികെ പ്രകാശിനെതിരെ ആരോപണവുമായി യുവ കഥാകൃത്ത് രംഗത്ത്. തന്റെ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ വികെ പ്രകാശ് മോശമായി പെരുമാറിയെന്നാണ് കഥാകൃത്തിന്റെ ആരോപണം. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് താന്‍ മുന്നോട്ട് വരുന്നതെന്നും സിനിമാ മേഖലയില്‍ ഇനി വരുന്ന ആര്‍ക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുതെന്നും യുവതി പറഞ്ഞു.
യുവതിയുടെ വാക്കുകള്‍ ഇങ്ങനെ;
‘രണ്ട് വര്‍ഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും എന്നോട് പറഞ്ഞു. സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിച്ചത്. കൊല്ലത്ത് ഒരു ഹോട്ടലില്‍ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. എന്റെ മുറിയില്‍ വന്ന് കഥ പറയാന്‍ അദ്ദേഹം പറഞ്ഞു. കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തിവെക്കാന്‍ പറഞ്ഞു, എന്നിട്ട് എനിക്ക് മദ്യം ഓഫര്‍ ചെയ്തു.’
‘തുടര്‍ന്ന് കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോള്‍ നമുക്ക് അഭിനയത്തിലേക്ക് കടക്കാമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞ്. തുടര്‍ന്ന് ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്നു. എനിക്ക് അഭിനയത്തോട് താല്‍പര്യമില്ലെന്നും എന്റെ കഥ സിനിമയാക്കാനാണ് താല്‍പര്യമെന്നും പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചെയ്ത് കാണിച്ചു തരാമെന്നും അതുപോലെ ചെയ്താല്‍ മതിയെന്നും പറഞ്ഞ് ദേഹത്ത് സ്പര്‍ശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കട്ടിലിലേക്ക് കിടത്താനും ശ്രമിച്ചു. കഥ കേള്‍ക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. അപ്പോള്‍ ഞാന്‍ പറഞ്ഞു, സര്‍ മുറിയിലേക്ക് പൊക്കോളൂ.. കൊച്ചിയിലേക്ക് വരുമ്പോള്‍ ഞാന്‍ വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു.’
‘സംവിധായകന്‍ മുറിയില്‍ നിന്നും പോയപ്പോള്‍ തന്നെ ഞാന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങുകയും ഓട്ടോ പിടിച്ച് പോകുകയും ചെയ്തു. പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ സംവിധായകന്റെ കുറേ മിസ്ഡ് കോളുണ്ടായിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ ക്ഷമിക്കണമെന്ന് പറഞ്ഞു. ഇത് ആരോടും പറയരുതെന്നും എന്താണ് വേണ്ടതെന്ന് പറഞ്ഞാല്‍ തരാമെന്നുമായിരുന്നു വികെ പ്രകാശ് എന്നോട് പറഞ്ഞു. തുടര്‍ന്ന് പതിനായിരം രൂപ അയച്ചു നല്‍കുകയും ചെയ്തു. ഇല്ല സര്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ഞാനത് ക്ലോസ് ചെയ്തു. അതിന് ശേഷം ഒരു ബന്ധവും ഉണ്ടായില്ല. എന്നാല്‍ പിണറായി വിജയന്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ മുന്നോട്ട് വരുന്നത്. സിനിമാ മേഖലയില്‍ ഇനി വരുന്ന ആര്‍ക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്’, യുവ കഥാകൃത്ത് വ്യക്തമാക്കി.
STORY HIGHLIGHTS: Allegation against director VK Prakash