Thiruvananthapuram

KSRTC ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ദുരൂഹത: ആത്മഹത്യാ കുറിപ്പില്‍ ഉദ്യോഗസ്ഥരുടെ പേരുകളെന്ന് സൂചന/ Mystery in KSRTC officer’s suicide: The suicide note hints at the names of officers

ആത്മഹത്യാ കുറിപ്പ് പോലീസ് പുറത്തു വിടണമെന്നും ആവശ്യം

KSRTC പാപ്പനംകോട് യൂണിറ്റിലെ സ്‌ക്വാഡ് ഒന്നിന്റെ മെമ്പര്‍ എസ്. സനല്‍കുമാറിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് സഹപ്രവര്‍ത്തകര്‍. ഇന്ന് രാവിലെയാണ് സനല്‍കുമാര്‍ ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. കാരയ്ക്കാ മണ്ഡപത്താണ് സനല്‍കുമാറിന്‌റെ വീട്. ഇദ്ദേഹത്തിന് ഏകദേശം 54 വയസ്സുണ്ടായിരുന്നു. വിവാഹം കഴിച്ചിട്ടില്ല. അമ്മയും സഹോദരനും മാത്രമാണുള്ളത്. സഹപ്രവര്‍ത്തകരോടും, KSRTCയോടും അത്രയേറെ അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സനല്‍കുമാര്‍.

സ്വന്തം പോക്കറ്റില്‍ നിന്നും KSRTCക്കോ, താന്‍ ജോലി ചെയ്യുന്ന ഡിപ്പോയിലെ ജീവനക്കാരെ സഹായിക്കാനോ യാതൊരു മടിയുമില്ലാത്ത മനുഷ്യന്‍. അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതായത്, വലിയൊരു സ്‌നേഹത്തിന്റെ കരുതലാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ KSRTCയിലെ ചി ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉണ്ടെന്നാണ് സൂചന. ഈ പേരുകാരിലേക്ക് വരും ദിവസങ്ങളില്‍ അന്വേഷണം നീളുമോയെന്ന് സംശയമുണ്ട്. സനല്‍കുമാറിന്റെ ആത്മഹത്യയില്‍ KSRTCയിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നതാണ് അന്വേഷിക്കേണ്ടത്. KSRTCയിലെ ഇടതുപക്ഷ സംഘ’നയായ KSRTEA(CITU)വിലെ അംഗം കൂടിയാണ് സനല്‍കുമാര്‍.

 

നിലവില്‍ ജോലിയിലുള്ള ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍ പറ്റിയ ഉദ്യോഗസ്ഥന്റെയും പേരുകളാണ് ആത്മഹത്യാ കുറിപ്പില്‍ ഉള്ളതെന്ന സംശയവും ബലപ്പെടുന്നുണ്ട്. എന്നാല്‍, ആത്മഹത്യാ കുറിപ്പ് പോലീസിന്റെ കൈയ്യിലാണുള്ളത്. അതിനാല്‍ ആര്‍ക്കും ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇല്ല. എന്നാല്‍, KSRTEA സനല്‍ കുമാറിന്റെ പേരില്‍ ഒട്ടിച്ച പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്; ‘മാനേജ്‌മെന്റിന്റെ കൈയ്യില്‍ കൊലച്ചോറും സ്‌ക്വാഡ് 1ന്റെ കൈയ്യില്‍ കൊലക്കയറുമോ ?. എന്നുമാണ്. ഇന്‍സ്‌പെക്ടര്‍ സനല്‍കുമാറിന്റെ ആത്മഹ്യാ കുറിപ്പ് വിരല്‍ ചൂണ്ടുന്നത് ആര്‍ക്കൊക്കെ എതിരെ ?… കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക’ എന്നാണ്.

ഇതില്‍ നിന്നും മനസ്സിലാക്കാനാകുന്നത്, സനല്‍കുമാറിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ KSRTCയിലെ ഉദോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു തന്നെയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തൊഴിലാളി സംഘടന കൂടിയായ KSRTEA അല്ലെങ്കില്‍ ഇങ്ങനെ പ്രതികരിക്കില്ല. സര്‍ക്കാരിന്റെ പോലീസ് സംവിധാനത്തിന്റെ അന്വേഷണം നടക്കുന്നതിനു മുമ്പ് ഇങ്ങനെയൊരു പോസ്റ്റര്‍ പതിച്ചതിന്റെ ഉദ്ദേശം തന്നെ KSRTCയിലെ താപ്പാനകളെ പൂട്ടാന്‍ വേണ്ടിത്തന്നെയാണ്. സനല്‍ കുമാറിന്റെ ആത്മഹത്യയ്ക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെയാണ്:

‘കിഴക്കേകോട്ട നോര്‍ത്ത് ബസ് സ്റ്റാന്‍ഡില്‍ ഇനി സനല്‍ സാറിന്റെ ശബ്ദം മുഴങ്ങില്ല. മികച്ച കളക്ഷന്‍ കൊണ്ടുവരുന്ന ജീവനക്കാര്‍ക്ക് സമ്മാനവും ടിക്കറ്റ് മെഷീന്‍ ചാര്‍ജ് ചെയ്യാന്‍ ചാര്‍ജറുമായി കാത്തിരിക്കുന്ന സനല്‍ സാര്‍ നാളെ മുതല്‍ ഇല്ല …മൈക്കും ആംപ്‌ളിഫയറും സ്വന്തം പോക്കറ്റില്‍ നിന്നും വാങ്ങി യാത്രക്കാരുടെ സംശയ നിവാരണം നടത്താനും സാറില്ല. മനോഹരമായ കയ്യക്ഷരത്തില്‍ വേബില്‍ പതിച്ചു നല്‍കാനും സാര്‍ ഇല്ല : വെള്ളപാന്റും വെള്ള ഷര്‍ട്ടും വെള്ള ഷൂവും വെള്ള ബല്‍റ്റും കയ്യില്‍ സ്വര്‍ണ ചെയിനും മുഖത്ത് ചിരിയുമായി ഇനി ഒരിക്കലും സനല്‍ സര്‍ വരില്ല ..ചപലമായ ഏതോ ഒരു നിമിഷത്തിലെടുത്ത തെറ്റായ തീരുമാനത്താല്‍ സനല്‍ സര്‍ മടങ്ങുകയാണ്.

അതിന് സാറിന്റേതായ കാരണങ്ങള്‍ ഉണ്ടാകാം..എവിടെവച്ചു കണ്ടാലും ചിരിക്കുന്ന വിശേഷങ്ങള്‍ അന്വേഷിക്കുന്ന ജോലിയിലെ ബുദ്ധിമുട്ടുകള്‍ പറയുന്ന സനല്‍ സര്‍ ഇനിയില്ല എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ്. (എഴുത്തിന് ആധാരം -പാപ്പനംകോട്, സിറ്റി ഡിപ്പോയില്‍ മുന്‍പ് ജോലി നോക്കിയിരുന്നതും നിലവില്‍ SQ1 ല്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു വരുന്ന കാരയ്ക്കാമണ്ഡപം S. സനല്‍ കുമാര്‍ അന്തരിച്ചു.)’

ഇനി അറിയേണ്ടത്, KSRTCയിലെ സഹ ഉദ്യോഗസ്ഥര്‍ക്ക് സനല്‍കുമാറിന്റെ ആത്മഹത്യയില്‍ പങ്കുണ്ടോ എന്നാണ്. അത് പോലീസ് തെളിയിക്കട്ടെ. എന്നാല്‍, ഈ കേസ് മറ്റൊരു വാര്‍ത്ത പോലെയും മുങ്ങിപ്പോകാതിരിക്കണം. അതിന് ജീവനക്കാരും സഹപ്രവര്‍ത്തകരുമാണ് മനസ്സു വെയ്‌ക്കേണ്ടത്. കാരണം, ഇന്നു ഞാന്‍ നാളെ നീ എന്നാണല്ലോ.

CONTENT HIGHLIGHTS; Mystery in KSRTC officer’s suicide: The suicide note hints at the names of officers

Latest News