Kerala

മൗനം തുടര്‍ന്ന് സര്‍ക്കാരും, കെഎസ്എഫ്ഡിസിയും; ചലച്ചിത്ര നയം രൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ പുറത്താക്കണമെന്ന് ആവശ്യം ശക്തമാകുന്നു

അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി മിനു മുനീര്‍

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പുതിയൊരു ചലച്ചിത്ര നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സാംസ്‌കാരിക വകുപ്പ് 2023ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി (കണ്‍വീനറായി), അഭിനേതാവും എംഎല്‍എയുമായ എം. മുകേഷ്, നടിമാരായ മഞ്ജു വാര്യര്‍, പത്മപ്രിയ, നിഖില വിമല്‍, സംവിധായകരായ രാജീവ് രവി, ബി ഉണ്ണികൃഷ്ണന്‍, നിര്‍മ്മാതാവ് സന്തോഷ് കുരുവിള, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരടങ്ങുന്ന 10 അംഗ കമ്മിറ്റി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചും വ്യവസായ മേഖലയിലുള്ളവരില്‍ നിന്ന് അഭിപ്രായം തേടിയും ചലച്ചിത്ര നയം രൂപീകരിക്കാനാണ് സമിതിയുടെ ചുമതല.


ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ നിരവധി പേര്‍ക്കെതിരെയാണ് ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ പുറത്തു വരുന്നത്. ഇതില്‍ കൊല്ലം എംഎല്‍എയും സിനിമാതാരവുമായ മുകേഷിനെതിരെ രണ്ടു പേരാണ് ഗുരുതരാരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇതോടെ ചലച്ചിത്ര നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത സമിതിയിലെ മുകേഷിന്റെ അംഗത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കുറ്റാരോപിതന്‍ സമിതിയില്‍ ഇരുന്നാല്‍ എങ്ങനെ സുതാര്യമായി നയം രൂപീകരിക്കാന്‍ സാധിക്കുമെന്ന് ചോദ്യം ഉയരുന്നത്. ഈ വിഷയത്തില്‍ മുകേഷും, കെഎസ്എഫ്ഡിസിയും സര്‍ക്കാര്‍ ഇതുവരെ യാതൊരു മറുപടിയും പറഞ്ഞിട്ടില്ല. സമിതിയില്‍ നിന്നും മുകേഷിനെ പുറത്താക്കണമെന്ന് നിരവധി കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പ്രഖ്യാപനം വന്നയുടനെ, വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ഉള്‍പ്പെടെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ്മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ സമിതിയിലെ ആളുകളുടെ പട്ടിക വെളിപ്പെടുത്തിയിരുന്നു. നവംബറില്‍ ചേരുന്ന സിനിമാ വ്യവസായ സംഘടനകളുടെ കണ്‍ക്ലേവ് ഈ കമ്മിറ്റി ആസൂത്രണം ചെയ്യുമെന്ന് അടുത്തിടെ സജി ചെറിയാന്‍ പ്രഖ്യാപിച്ചിരുന്നു.

 

2004-ല്‍ ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്ന് 2018-ല്‍ ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ ആരോപണമാണ് ആദ്യം വന്നത്. മലയാളത്തിലെ കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായ മുകേഷ് തന്റെ മുറിയില്‍ പലതവണ വിളിച്ചെന്നും തുടര്‍ന്ന് മുറി മാറ്റി അരികിലായിട്ടെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങള്‍ വീണ്ടും ഈ ആരോപണം ഏറ്റെടുത്തതോടെ മുകേഷ് അത് നിഷേധിച്ചിരുന്നു. ഇതിനു പുറമെ, അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി മിനു മുനീര്‍ ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ മുകേഷിനെതിരെ രണ്ടു പേരാണ് രംഗത്തു വന്നത്, ഉന്നയിച്ചത് ഗുരുതരാരോപണങ്ങളും. ഇന്നസെന്റിന്റെ നിര്‍ദേശപ്രകാരം അമ്മ അംഗത്വത്തിന് ശ്രമിച്ചിരുന്നുവെന്ന് മിനു മുനീര്‍. എനിക്കറിയാതെ നിങ്ങള്‍ അമ്മയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണോ? ഞാനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് വിളിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനു വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായ മുന്‍ ഭാര്യ സരിതയും മുകേഷിനെതിരെ മോശമായ പെരുമാറ്റം ആരോപിച്ചിരുന്നു. സ്ത്രീകളെ ഒരിക്കലും ബഹുമാനിക്കാത്ത ആളാണ് മുകേഷ് എന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ”മുകേഷ് വളരെ അക്രമാസക്തനായ വ്യക്തിയാണ്. തന്റെ തെറ്റുകള്‍ മറയ്ക്കാന്‍ എന്നെ കുറ്റപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. എന്നെ ദുരുപയോഗം ചെയ്യുന്നത് കാണാതിരിക്കാന്‍ ഞാന്‍ എന്റെ കുട്ടികളെ ബോര്‍ഡിംഗ് സ്‌കൂളിലേക്ക് അയച്ചു. സ്ത്രീകളെ വീട്ടില്‍ കൊണ്ടുവരുന്നു, മദ്യപിക്കുന്നു, എന്നെ മര്‍ദിക്കുന്നു,” ഒരു പഴയ അഭിമുഖത്തില്‍ സരിത ആരോപിച്ചു.

Content Highlights; The demand for Mukesh’s removal from the film policy formulation committee