ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിലെ ആദ്യ പോരാട്ടങ്ങൾക്കുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിന് യുഎഇയ്‌ക്കെതിരെയാണ് ആദ്യ മത്സരം. ലോകകപ്പ് യോഗ്യത ഉറപ്പിക്കാനുള്ള നിർണായക പോരിൽ ശക്തരായ എതിരാളികൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഖത്തർ പന്ത് തട്ടുന്നത്. അയൽക്കാരായ യുഎഇയുമായി അടുത്ത മാസം അഞ്ചിന് അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ സ്വന്തം തട്ടകത്തിലാണ് പോരാട്ടം.
ഏഷ്യൻ കപ്പ് ചാമ്പ്യൻമാരായ ആതിഥേയർ ആ സംഘത്തിലെ ഒട്ടുമിക്കവരെയും 26 സംഘത്തിൽ നിലനിർത്തിയിട്ടുണ്ട്. ഇതോടൊപ്പം അണ്ടർ 23 ടീമിലെ താരങ്ങൾക്കും വെറ്ററൻ താരങ്ങളായ അസിം മഡിബോ, കരിം ബൌദിയാഫ് എന്നിവർക്കും കോച്ച് മാർക്വസ് ലോപസ് സംഘത്തിൽ ഇടം നൽകിയിട്ടുണ്ട്. ഇരുവരും ദീർഘകാലത്തിന് ശേഷമാണ് ദേശീയ ടീമിൽ കളിക്കാനെത്തുന്നത്.
അടുത്ത മാസം 10ന് ഉത്തര കൊറിയക്കെതിരായ മത്സരത്തിനും ഈ ടീം തന്നെയാണ് കളിക്കാനിറങ്ങുക. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഖത്തർ. ഇറാൻ, ഉസ്‌ബെകിസ്താൻ തുടങ്ങിയ ശക്തരായ എതിരാളികളാണ് വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനെ കാത്തിരിക്കുന്നത്.