ചേരുവകൾ
- ഉണങ്ങിയ ബീഫ് – 7, 8 എണ്ണം
- ചുവന്നുള്ളി- 100 ഗ്രാം
- വെളുത്തുള്ളി- 10, 12 എണ്ണം
- ഇഞ്ചി- ഒരു വലിയ കഷണം
- കറിവേപ്പില- രണ്ടു തണ്ട്
- മുളകുപൊടി- ഒന്നര ടീസ്പൂൺ
- ഗരം മസാലപ്പൊടി- ഒരു ടീസ്പൂൺ
- കുരുമുളക് പൊടി- അര ടീസ്പൂൺ
- പെരുംജീരകം ചതച്ചത്- അര ടീസ്പൂൺ
- മഞ്ഞൾ പൊടി- ഒരു നുള്ള്
- ഉപ്പ്- പാകത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
- വെള്ളം- 200 മില്ലീലിറ്റർ
തയ്യാറാക്കുന്ന വിധം
ബീഫ് കഷ്ണങ്ങൾ മഞ്ഞൾപൊടിയും ഉപ്പും കുരുമുളകും തിരുമ്മി വെയിലത്താണ് ഉണക്കിയെടുക്കുന്നത്. മൂന്ന് നാല് ദിവസം വെയിലത്തു വച്ച് ഉണക്കിയെടുക്കാം. ഇങ്ങനെ ഉണക്കി വച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങൾ തിളപ്പിച്ച വെള്ളത്തിൽ അരമണിക്കൂർ ഇട്ടുവയ്ക്കുക. കുതിർന്ന ബീഫ്, വെള്ളത്തിൽ നിന്നും മാറ്റിയതിനു ശേഷം ഒരു കുക്കറിൽ അരസ്പൂൺ മുളകുപൊടി, ഒരു നുള്ളു മഞ്ഞൾപ്പൊടി, അല്പം ഉപ്പ് കറിവേപ്പില എന്നിവ ഇട്ടതിനുശേഷം വെള്ളമൊഴിച്ചു ഇരുപതു മിനിറ്റോളം ചെറുതീയിൽ വേവിക്കുക. വെന്ത ഇറച്ചി, അടുപ്പിൽ നിന്ന് മാറ്റി,ചെറുതായി കല്ലിൽ വെച്ച് ഇടിച്ചെടുക്കണം. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുക പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും പാനിലേക്കിട്ടു മൂത്തതിനു ശേഷം ചുവന്നുള്ളി അരിഞ്ഞത് ചേർക്കുക. ചുവന്നുള്ളി മൂത്തു വരുമ്പോൾ, ഇടിച്ചുവെച്ച ഇറച്ചി അതിലേക്കു ചേർക്കണം. തീ കുറച്ചു വെച്ച് ഇളക്കുക. നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, പെരുംജീരകം ചതച്ചത്, ഗരം മസാലപ്പൊടി എന്നിവ ചേർക്കുക. ശേഷം കരിഞ്ഞു പോകാതെ അടുപ്പിൽ നിന്നും മാറ്റുക. ചൂടോടെ ഉപയോഗിക്കുക.
Story Highlights ;Unakkairachi idichath