കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ഇ-മെയിൽ മുഖേനെയാണ് പരാതി കൈമാറിയത്. പ്രത്യേക അന്വേഷണ സംഘത്തിനു പരാതി കൈമാറണമോ കാര്യം പരിശോധിക്കും. സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. കടവന്ത്രയിലെ ഫ്‌ളാറ്റിൽവെച്ചാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ തുടർ നടപടികൾ എങ്ങനെയായിരിക്കണമെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ അറിയിച്ചു.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ചയ്ക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ മുറിയിൽനിന്ന് ഇറങ്ങിയോടിയെന്നും നടി വെളിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തുതരാൻ നിർമാതാവിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു സഹായവുമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.
സംഭവം അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന് സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്. രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.