കൊച്ചി: ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്‍റെ നിലപാട് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റ് ചെയ്താല്‍ സിപിഎമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് നിലപാടാണെന്നും സതീശൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇറക്കിയ പത്രക്കുറിപ്പില്‍ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സര്‍ക്കാര്‍ നിയോഗിച്ച് കമ്മിറ്റിക്ക് മുന്‍പാകെ ഇരകള്‍ കൊടുത്തിരിക്കുന്ന ആധികാരിക മൊഴികളും തെളിവുകളും സംബന്ധിച്ച് ഒരു കാരണവശാലും അന്വേഷിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ആ നിലപാട് സ്വീകാര്യമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ എന്താണ് തടസമെന്നാണ് കേടതിയും ചോദിച്ചിരിക്കുന്നത്. ഇരകള്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഏത് ലൈംഗിക പീഡന കേസിലാണ് ഇരകള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇരകള്‍ വീണ്ടും മൊഴി നല്‍കണമെന്ന് പറയുന്നതും അവരെ അപമാനിക്കലാണ്. ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരു സ്ഥാനത്തും ഇരിക്കാന്‍ യോഗ്യരല്ല. രാജി വയ്ക്കുന്നതാണ് നല്ലത്. രഞ്ജിത്തും സിദ്ദിഖും രാജിവെച്ചത് മറ്റുള്ളവരും പിന്തുടരുന്നതാണ് നല്ലത്. മുകേഷും രാജി വയ്ക്കുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബാലുശേരിയില്‍ മത്സരിച്ച വ്യക്തിയാണ് ധര്‍മ്മജന്‍. ധര്‍മ്മജന്റെ വില കുറഞ്ഞ പ്രതികരണം. ഇതോടെ കോണ്‍ഗ്രസും പ്രതിസന്ധിയിലായി. ഇതോടെ മുഖം രക്ഷിക്കാന്‍ ധര്‍മ്മജനെ ശാസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മറുപടിയുണ്ടെങ്കില്‍ അത് പറയുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക എന്നായിരുന്നു സതീശന്‍ ധര്‍മ്മജന് നല്‍കിയ ശാസന.