മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത മറാത്താ രാജാവ് ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമയാണ് തകർന്നത്. ശരീരഭാഗം മൊത്തം തകർന്നടിഞ്ഞ പ്രതിമയുടെ കാൽപാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തിൽ ബാക്കിയായത്.
കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണിത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തകർന്നു വീഴുകയായിരുന്നു. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതാണോ പ്രതിമ തകരാൻ കാരണമെന്ന് പരിശോധിക്കും.
പ്രതിമ തകർന്നതിനെത്തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തി. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും പ്രതിമ സന്ദർശിച്ചു. ഇത്രപെട്ടെന്ന് പ്രതിമ തകർന്നതോടെ കോടികൾ ചെലവിട്ട നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
പ്രതിമ തകർന്നത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അഴിമതിയുടെ കാര്യത്തിൽ മറാഠാ രാജാവ് ശിവാജിയെപ്പോലും ബിജെപി സർക്കാർ വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം പരിഹസിച്ചു.
പ്രതിമ തകർന്നതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് എൻസിപി (എസ്പി) സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ ജയന്ത് പാട്ടീൽ വിമർശിച്ചു. അതേസമയം സംഭവത്തിൽ അന്വനേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. പുതിയ പ്രതിമ നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഈ വിഷയം വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ദീപക് കേസർകർ പറഞ്ഞു.