ദുബായ്: റാവല്‍പിണ്ടി ടെസ്റ്റില്‍ പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാനുനേരെ ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞ ബംഗ്ലാദേശ് മുന്‍ നായകന് ഷാക്കിബ് അല്‍ ഹസനെതിരെ കടുത്ത നടപടിയെടുത്ത് ഐസിസി. താരത്തിന് ഡിമെറിറ്റ് പോയന്റും മാച്ച് ഫീയുടെ 10 ശതമാനം പിഴയും ചുമത്തി.
ഐസിസിയുടെ കോഡ് ഓഫ് കണ്ടക്റ്റിന്റെ ആര്‍ട്ടിക്കിള്‍ 2.9 പ്രകാരമാണ് ഷാക്കിബിനെതിരെ നടപടിയെടുത്തത്. മറ്റ് കളിക്കാരുടെയോ അമ്പയറുടേയോ സപ്പോര്ടിംഗ് സ്റ്റാഫിന്റെയോ, മാച്ച് റഫറിയുടെയോ നേര്‍ക്ക് അപകടകരമാംവിധം പന്തോ മറ്റ് വസ്തുകളോ എറിയുന്നതിനെക്കുറിച്ചുള്ളതാണ് ആര്‍ട്ടിക്കിള്‍ 2.9.
റാവല്‍പിണ്ടി ടെസ്റ്റിൽ ബൗള്‍ ചെയ്യാനെത്തിയ ഷാക്കിബ് റണ്ണപ്പ് പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യാനിരിക്കെ തയാറായിട്ടില്ലെന്ന് പറഞ്ഞ് റിസ്വാന് പിന്മാറിയതാണ് ഷാക്കിബിനെ ചൊടിപ്പിച്ചത്. ഇതോടെ ദേഷ്യം അടക്കാനാവാതെ ഷാക്കിബ് പന്ത് റിസ്വാന്റെ തലക്ക് മുകളിലൂടെ വിക്കറ്റ് കീപ്പര്‍ മുഷ്ഫീഖുറിന്റെ കൈകളിലക്ക് വലിച്ചെറിയുകയായിരുന്നു.
ഷാക്കിബിന്റെ പ്രവര്‍ത്തിയില്‍ ഇടപെട്ട അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ ദേഷ്യത്തോടെ പ്രതികരിച്ചിരുന്നു. 17 പന്തില്‍ 18 റണ്‍സുമായി റിസ്വാന് ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഷാക്കിബിന്റെ രോഷ പ്രകടനം.