ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമായിരിക്കുമെന്നും കോണ്‍ഗ്രസ് പി.സി.സി. അധ്യക്ഷന്‍ താരഖ് ഹമീദ് കര്‍ അറിയിച്ചു.
സി.പി.എമ്മിനും പാന്തേഴ്‌സ് പാര്‍ട്ടിക്കും ഓരോ സീറ്റുകള്‍ വീതം നീക്കിവെച്ചു. ശ്രീനഗറില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രഖ്യാപനം. 90 സീറ്റുകളിലേക്കാണ് ജമ്മുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ പോരാടുകയാണ് ഇൻഡ്യ സഖ്യത്തിന്റെ ലക്ഷ്യമെന്നും സൗഹാർദമായ അന്തരീക്ഷത്തിലാണ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അതേസമയം 44 പേരെ ഉൾപ്പെടുത്തി ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രവർത്തകർക്കിടയിലെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. തുടർന്ന് 16 സ്ഥാനാർഥികളെ മാത്രം ഉൾപ്പെടുത്തി മറ്റൊരു പട്ടിക പ്രസിദ്ധീകരിച്ചു.
2014ലാണ് അവസാനമായി ജമ്മുവിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചതുഷ്‌കോണ മത്സരം നടന്ന 2014ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപിയുടെ 28 സീറ്റും കശ്മീരിലായിരുന്നു. ജമ്മുവില്‍ 25 സീറ്റുമായി ബിജെപിയും നേട്ടമുണ്ടാക്കി. 15 സീറ്റ് എന്‍സിയും 12 സീറ്റ് കോണ്‍ഗ്രസും 7 സീറ്റ് മറ്റുള്ളവരും നേടി. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.