ന്യൂൽഹി: ത്രിപുരയിൽ ക്ഷേത്ര വിഗ്രഹം തകർന്നതിനെ തുടർന്ന് പന്ത്രണ്ട് വീടുകളും നിരവധി വാഹനങ്ങളും അക്രമികൾ കത്തിച്ചു. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. ത്രിപുരയുടെ പടിഞ്ഞാറൻ പ്രദേശത്ത് സുരക്ഷ സേനയെ വിന്യസിച്ചു.
തലസ്ഥാന നഗരിയിൽനിന്ന് ഏതാനും കിലോമീറ്റർ മാറി റനീർബസാറിലെ കൈതുർബാരി കാളിക്ഷേത്രത്തിൽ വിഗ്രഹം തകർക്കപ്പെട്ടുവെന്നാരോപിച്ച് ഒരു സംഘമാളുകൾ മേഖലയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഞായറാഴ്ച രാവിലെയാണ് വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയത്. തു]ടർന്ന് ഞായറാഴ്ച വൈകിട്ട് റാണിർബസാറിൽ 12 വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കിയെന്ന് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) അനന്ത ദാസ് പറഞ്ഞു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മോട്ടോർ സൈക്കിളുകളും പിക്കപ്പ് വാനുകളും തീയിൽ കത്തിനശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അക്രമികളെ കണ്ടതോടെ താമസക്കാർ വീടുകളിൽ നിന്ന് ഇറങ്ങിയോടിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻ്റലിജൻസ്) അനുരാഗ് ധങ്കർ, വെസ്റ്റ് ത്രിപുര പോലീസ് സൂപ്രണ്ട് കിരൺ കുമാർ എന്നിവർ പ്രദേശം സന്ദർശിച്ചു.