ചെന്നൈ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ നടിയും ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ നമിതയെ തടഞ്ഞ് സെക്യൂരിറ്റി ഉദ്യോഗസ്ഥ. നടി നമിത അഹിന്ദുവാണെന്ന് സംശയിച്ചതിനെ തുടർന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥ തടഞ്ഞുനിർത്തിയത്. നമിതയോട് ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാനും അവർ ആവശ്യപ്പെട്ടു.
നമിത ഭർത്താവ് വിരേന്ദ്ര ചൗധരിയോടൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ഭരണാധികാരികളെത്തിയാണ് പ്രവേശനത്തിന് അനുമതിയായത്. ക്ഷേത്രം ഉദ്യോഗസ്ഥൻ തന്നെ ദർശനത്തിൽ നിന്ന് വിലക്കിയെന്നും ഹിന്ദുവാണെന്നതിന്റെയും ജാതി തെളിയിക്കുന്നതിനെറയും രേഖകൾ ആവശ്യപ്പെടുകയും ചെയ്തുവെന്ന് നടി പറഞ്ഞു.
“ഞാൻ ഹിന്ദുവാണെന്ന് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകും എന്റെ ജാതി സർട്ടിഫിക്കറ്റും അവർ ആവശ്യപ്പെട്ടു. രാജ്യത്ത് ഞാൻ സന്ദർശിച്ച ഒരു ക്ഷേത്രത്തിലും ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടില്ല” -അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൻ്റെ ഹിന്ദു സ്വത്വം പ്രസിദ്ധമാണെന്നും താൻ തിരുപ്പതിയിൽ വച്ചാണ് വിവാഹിതയായതെന്നും തന്റെ മകന് ഭഗവാൻ കൃഷ്ണന്റെ പേരാണ് ഇട്ടതെന്നും അവർ ചൂണ്ടിക്കാട്ടി. ‘എന്നിട്ടും എന്നോട് അവർ പരുഷമായും ധിക്കാരപരമായും സംസാരിച്ചു. എന്റെ ജാതിയും വിശ്വാസവും തെളിയിക്കാൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു” -നമിത പറഞ്ഞു.
എന്നാൽ, ഈ ആരോപണങ്ങൾ ക്ഷേത്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നിഷേധിച്ചു. ‘‘മാസ്ക് ധരിച്ചാണ് നമിതയും ഭർത്താവും എത്തിയത്. ഹിന്ദു ഐഡന്റിറ്റി പരിശോധിക്കുന്നതിനും ക്ഷേത്രത്തിന്റെ ആചാരങ്ങൾ വിശദീകരിക്കുന്നതിനുമാണ് അവരെ തടഞ്ഞത്. കാര്യങ്ങൾ വ്യക്തമായ ശേഷം നെറ്റിയിൽ കുങ്കുമം ചാർത്തി മീനാക്ഷി ദേവിയുടെ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോകുകയും ചെയ്തു’’ -അദ്ദേഹം പറഞ്ഞു.