Kerala

നടനെതിരെ നടത്തിയ ലൈംഗികാതിക്രമ ആരോപണത്തിൽ കേസുമായി മുന്നോട്ടില്ല; നടി സോണിയ മല്‍ഹാര്‍ | Sonia Malhar Won’t Pursue Sexual Assault Allegations Against Actor

കൊച്ചി: നടനെതിരെ നടത്തിയ ലൈംഗികാതിക്രമ ആരോപണത്തിൽ കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍. പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചു. വെളിപ്പെടുത്തല്‍ നടത്തിയത് പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണെന്നും നടി പറഞ്ഞു. ആരോപണവിധേയന്റെ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല. 2013ൽ തൊടുപുഴയിലെ സിനിമാസെറ്റിൽ മേക്കപ് ചെയ്‌ത ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മൽഹാറിന്റെ ആരോപണം.

‘‘ഞാൻ സിനിമയിൽ വളരെയേറെ ആരാധിച്ച ആളിൽനിന്ന് ഇങ്ങനെയൊരു പ്രവൃത്തിയുണ്ടായപ്പോൾ വല്ലാതെ ഭയന്നുപോയി. ചെറിയ വേഷം ചെയ്യാനാണു പോയത്. തള്ളിമാറ്റിയ ശേഷം അമ്പരപ്പോടെ എന്താണിങ്ങനെ ചെയ്‌തതെന്നു ചോദിച്ചു. സിനിമയിൽ ഒരുപാട് അവസരങ്ങളും ഉണ്ടാക്കിത്തരാമെന്നു പറഞ്ഞു. അപ്പോൾ പരാതിപ്പെടാനുള്ള മാനസികാവസ്‌ഥ ഉണ്ടായിരുന്നില്ല’’- അവർ പറഞ്ഞു. താരം പിന്നീടു ക്ഷമ ചോദിച്ചു. ഇപ്പോൾ വിവാഹിതനായി രണ്ടു കുട്ടികളുമായി കഴിയുകയാണ്. ഇപ്പോഴും സെറ്റിലേക്കു പോകാൻ ഭയമാണ്. ആരെയെങ്കിലും കൂടെക്കൂട്ടും.’’– അവർ പറഞ്ഞു.