Kerala

സിനിമാ മേഖലയിലെ പരാതികള്‍; പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യ യോഗം ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യ യോഗം ഇന്നുണ്ടാകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്താകും യോഗം ചേരുക. അന്വേഷണം ഏതു ദിശയിൽ മുന്നോട്ടു കൊണ്ടുപോകണം എന്നത് സംബന്ധിച്ച മാർഗ നിർദേശം തയ്യാറാക്കലാണ് യോഗത്തിന്‍റെ പ്രധാന ഉദ്ദേശ്യം. ഇന്നലെ പരാതികൾ നൽകിയ സ്ത്രീകളുമായും വെളിപ്പെടുത്തൽ നടത്തിയവരുമായും അന്വേഷണ സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ സംസാരിച്ചുകഴിഞ്ഞു. പരാതിയിലും വെളിപ്പെടുത്തലിലും ഇവർ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ഇനിയുള്ള ദൗത്യം.

ലഭിച്ച പരാതികളിൽ വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രത്യേക അന്വേഷണസംഘം ഇതും പരിശോധിക്കും. ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തെങ്കിലും ഇത് പ്രത്യേക സംഘത്തിന്‍റെ പരിധിയിൽ വരും. കൂടുതൽ പരാതികൾ ഇന്നുണ്ടാകുമെന്ന വിലയിരുത്തലിലാണ് സംഘം. ലഭിക്കുന്ന പരാതികളിൽ മൊഴി രേഖപ്പെടുത്താനും പരാതി ലഭിക്കാത്തവയിൽ പ്രാഥമികാന്വേഷണം നടത്താനുമാണ് ആലോചന.