Health

കിളിർത്ത ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അറിയാം ഈ അപകടസാധ്യത- Sprouted potatoes

ആരോഗ്യം അനോരോഗ്യമാകാതിരിയ്ക്കാന്‍ ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും ശ്രദ്ധ വേണം

മിക്ക അടുക്കളയിലും കാണുന്ന സ്ഥിരം പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതിലൂടെ പരിഹാരം കാണാവുന്നതാണ്. ലോകത്തിന്റെ ഏതു ഭാഗങ്ങളില്‍ ചെന്നാലും ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ പല രൂപത്തിലും ലഭ്യമാണ്. സാമ്പാറില്‍ മുതല്‍ ചപ്പാത്തിയ്ക്കുള്ള കറികളില്‍ വരെ  ഒഴിച്ചുകൂടാനാവാത്ത പ്രധാനഘടകം കൂടിയാണ് ഉരുളക്കിഴങ്ങ്.  വീടുകളിൽ പച്ചക്കറി സൂക്ഷിക്കുമ്പോൾ മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഉള്ളി, ഉരുളക്കിഴങ്ങ് പോലുള്ളവ പെട്ടെന്ന് വാടുകയും അഴുകുകയും ചെയ്യുന്നത്. വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഉരുളക്കിഴങ്ങ് മുളച്ച് തുടങ്ങുന്നു, ചിലത് വാടിത്തുടങ്ങുന്നു, ചിലത് ചീഞ്ഞ് തുടങ്ങുന്നു. കിളിർത്തതും ഭാഗികമായി പച്ചനിറമുള്ളതുമായ ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ മാരകമായ വിഷം ഉള്ളിൽ ചെല്ലുന്നില്ലെങ്കിലും കൂടുതൽ അളവിലുള്ള ഇത്തരം കിളിർത്ത ഉരുളക്കിഴങ്ങിന്റെ ഉപയോഗം വിഷബാധയ്‌ക്കു കാരണമാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

സൂര്യപ്രകാശമേൽക്കുന്ന സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുമ്പോഴാണ് പച്ചനിറം ഉണ്ടാകുന്നത്. ചെടികളിൽ പച്ചനിറത്തിനു കാരണം ക്ലോറോഫിൽ എന്ന പിഗ്‌മെന്റാണ്. ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോൾ അല്ലെങ്കിൽ പച്ചനിറത്തിലാകുമ്പോൾ ക്ലോറോഫിലും ഇതിന്റെ കൂടെ മറ്റ് ചില രാസവസ്തുക്കളും ഉണ്ടാകും അവയെ പൊതുവെ ഗ്ലൈക്കോആൽക്കലോയ്ഡുകൾ എന്ന വിളിക്കുന്നു. രണ്ടുതരം ഗ്ലൈക്കോആൽക്കലോയ്ഡുകൾ ഉരുളക്കിഴങ്ങിൽ ചെറിയ അളവിലുണ്ട്. സോളനൈനും ചാക്കോനൈനും. എന്നാൽ ഉരുളക്കിഴങ്ങ് കിളിർക്കുന്ന സമയത്ത് ഈ രണ്ട് ആൽക്കലോയ്ഡുകളുടെയും അളവ് ഒരു പരിധിവിട്ട് കൂടുകയും പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മരണം വരെ സംഭവിക്കാം.

കിളിർത്ത ഉരുളക്കിഴങ്ങ് ശരീരത്തില്‍ എത്തിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പനി, ക്ഷീണം, ശരീര വേദന തുടങ്ങിയ അവസ്ഥകളിലേക്കും  ദഹന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും മുളച്ച ഉരുളക്കിഴങ്ങ് കാരണമാകുന്നു. ഇതിലുള്ള ഗ്ലൈക്കോആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഢീവ്യവസ്ഥക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അംശം പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുക എന്നത് മാത്രമാണ്.  മാത്രമല്ല ഇതിലെ വിഷാംശം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങു വാങ്ങുമ്പോഴും ഈ ശ്രദ്ധ ആവശ്യമാണ്, കടകളിൽ നിന്ന് വാങ്ങുന്ന ഉരുളക്കിഴങ്ങിൽ ചിലതും മുളച്ചിരിയ്ക്കും. അതായത് വെളുത്ത നിറത്തിലെ മുള, ഇത് ആരും അത്ര കാര്യമാക്കി എടുക്കാറില്ല. എന്നാല്‍ വളരെ ഗൗരവമായി എടുക്കേണ്ട ഒരു വിഷയമാണിത്. ഇത്തരം ഉരുളക്കിഴങ്ങുകളിലും വിഷാംശമുള്ളതാണ്. ഇതിനാല്‍ തന്നെ ഉരുളക്കിഴങ്ങ് വാങ്ങുമ്പോള്‍ ഇത്തരം കിളിർത്ത ഉരുളക്കിഴങ്ങ് ഒഴിവാക്കുക. ചിലര്‍ മുള മാറ്റി ഉപയോഗിയ്ക്കും അതുകൊണ്ട് കാര്യമില്ല കാരണം ആ വിഷാംശം ഉരുളക്കിഴങ്ങിനുള്ളില്‍ അപ്പോഴുമുള്ളത് കൊണ്ടാണ് മുളയായി വളര്‍ന്നു വരുന്നത്. മറ്റു മുളപ്പിച്ച വസ്തുക്കള്‍ കഴിയ്ക്കുമ്പോള്‍ ഗുണമുണ്ടാകുമെങ്കിലും മുളച്ച ഉരുളക്കിഴങ്ങ് ദോഷം വരുത്തുന്നു. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ആരോഗ്യം അനോരോഗ്യമാകാതിരിയ്ക്കാന്‍ ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്.

STORY HIGHLIGHT:  Sprouted potatoes