Kerala

എവിടെ സര്‍ക്കാരേ ആ ‘5’ ലക്ഷം രൂപ? പ്രോത്സാഹന വാഗ്ദാനം നല്‍കി ഇനിയെങ്കിലും പറ്റിക്കരുതേ കായിക മന്ത്രി

മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം, ശ്രീജേഷിന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് മാറ്റി

വിജയിച്ചു മുന്നേറാന്‍, സംസ്ഥാനത്തിന്റെ യശസ് ഉയര്‍ത്താന്‍, രാജ്യത്തിന്റെ അഭിമാനമായി മാറാനുള്ള പ്രോത്സാഹനത്തിനായി  കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ആ 5 ലക്ഷം രൂപ എവിടെ എന്നാണ് ചോദ്യമുയരുന്നത്. നമ്മുടെ നാട്ടില്‍ നടന്ന സംഭവം തന്നൊണ്, പാരീസ് ഒളിമ്പിക്‌സില്‍ മത്സരിച്ച അഞ്ച് മലയാളി കായിക താരങ്ങള്‍ക്കും അത്‌ലറ്റിക്‌സ് ചീഫ് കോച്ച് പി. രാധാകൃഷ്ണന്‍ നായര്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹനമായി 5 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു. പാരിസ് ഒളിമ്പിക്‌സും കഴിഞ്ഞു രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക അവര്‍ക്ക് നല്‍കിയിട്ടില്ല. ഹോക്കിയില്‍ ഇതിഹാസം തീര്‍ത്ത ഇന്ത്യയുടെ വിശ്വസ്തനായ ഗോള്‍കീപ്പര്‍ പി. ആര്‍. ശ്രീജേഷ്, വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മല്‍ (റിലേ), അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജമ്പ്), എച്ച്. എസ്. പ്രണോയ് (ബാഡ്മിന്റന്‍ ) എന്നിവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി 5 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചത്. മലയാളി താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് പരിശീലനത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കും ഈ തുക വിനയോഗിക്കാമെന്നും കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമില്‍ ഇത്തവണയും മെഡല്‍ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. ബാഡ്മിന്റണില്‍ പ്രണോയും ഫോമിലാണ്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനാകെയും മന്ത്രി വിജയാശംസകളും മന്ത്രി നേര്‍ന്നിരുന്നു. എന്നാല്‍ വെങ്കല മെഡലുമായി ശ്രീജേഷ് നാട്ടില്‍ എത്തിയപ്പോള്‍ ഒരു മന്ത്രി പോലും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സ്വീകരിക്കാന്‍ ഉണ്ടായില്ല. കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ശ്രീജേഷിനെ ഫോണില്‍ ബന്ധപ്പെട്ടില്ലെന്ന് വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണോ, അതോ കായിക വകുപ്പിന് മുപ്പത് ലക്ഷം രൂപ നല്‍കാന്‍ കഴിയാത്തതാണോ തുക നല്‍കാന്‍ വൈകുന്നതെന്ന് വ്യക്തമല്ല.

തലസ്ഥാനത്തു നിന്നും മടങ്ങിയത് സ്വീകരണമില്ലാതെ

പാരിസ് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ മികച്ച പ്രകടനം നടത്തി, സംസ്ഥാന സര്‍ക്കാരിന്റെ സ്വീകരണം ഏറ്റുവാങ്ങാനായി മെഡലുമായി തലസ്ഥാനത്തെത്തിയ പി.ആര്‍. ശ്രീജേഷും കുടുംബവും തിരികെ മടങ്ങി. മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമാണ് സ്വീകരണച്ചടങ്ങ് മുന്നറിയിപ്പില്ലാതെ മാറ്റാന്‍ കാരണം. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്‍ ഡയറക്ടറായ പി.ആര്‍. ശ്രീജേഷിന് വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം നല്‍കുന്ന കായിക വകുപ്പാണ് സ്വീകരണം നല്‍കേണ്ടതൊന്നും പരിപാടി വകുപ്പ് നടത്തിക്കൊള്ളാമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. കോവിഡിനു ശേഷം ടോക്കിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ വിജയിച്ച മെഡലുമായി എത്തിയ ശ്രീജേഷിന് അന്ന് സ്വീകരണം ഒരുക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പ് ആയിരുന്നു. കായിക വകുപ്പിനെ പരിപാടിയില്‍ നിന്നും പൂര്‍ണമായും അവഗണിച്ചെന്ന് പരിഭവമാണ് വി. അബ്ദുറഹ്‌മാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഇതോടെ തിങ്കളാഴ്ച നടത്താനിരുന്ന സ്വീകരണ പരിപാടി മാറ്റിവയ്ക്കാന്‍ ഉദ്ഘാടകനായ മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഒരു ദിവസം മുന്നേ ചടങ്ങിനായി തിരുവന്തപുരത്ത് എത്തിയ പി.ആര്‍. ശ്രീജേഷിനും കുടുംബത്തിനും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വീകരണം ഏറ്റുവാങ്ങാതെ മടങ്ങേണ്ടി വന്നു. സ്വീകരണ ചടങ്ങിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയായിരുന്നു. ശ്രീജേഷിനെ കുടുംബത്തെയും സ്വീകരണ ചടങ്ങിനായി ക്ഷണിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ശ്രീജേഷിനോട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉള്‍പ്പെടെ സ്വീകരണ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനുള്ളതിനാല്‍ ശ്രീജേഷ് മടങ്ങുകയായിരുന്നു.

ഇതിനോടകം തന്നെ വിവിധ സര്‍ക്കാരുകള്‍ പി.ആര്‍. ശ്രീജേഷിന് സ്വീകരണങ്ങളും പാരിതോഷികങ്ങളും നല്‍കിയിരുന്നു. ഒളിമ്പിക്സില്‍ ഇന്ത്യക്കായി അവസാന മത്സരം കളിച്ച ശ്രീജേഷിന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയില്‍ നിന്ന് പ്രത്യേക അംഗീകാരം ലഭിച്ചിരുന്നു. ഇന്ത്യന്‍ ഹോക്കിക്ക് അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ പ്രകീര്‍ത്തിച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. 50 ലക്ഷം രൂപ പാരിതോഷികം നല്‍കി ആദരിച്ചു. പാരിസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചിരുന്നു. സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകളെടുത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. 2021 ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യ വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു.

Content Highlights;  Five lakh announced by the Kerala government for the Malayalee athletes participating in the Paris Olympics