Kerala

മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴ് പേർക്കെതിരെ നടി മിനു മുനീര്‍ പരാതി നൽകി

7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍

നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായാണ് നടി പരായി നല്‍കിയത്. വ്യത്യസ്ത സമയങ്ങളില്‍ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്.

നടന്‍ മുകേഷ് ഫോണില്‍ വിളിച്ചും നേരില്‍ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്ന് മിനു ആരോപിച്ചിരുന്നു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചെന്നും അവര്‍ പറഞ്ഞിരുന്നു. 2008ല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനു പരാതിയില്‍ പറയുന്നു.അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. 2013ലാണ് ഇടവേള ബാബുവില്‍ നിന്നു മോശം പെരുമാറ്റമുണ്ടായത് എന്നാണ് മിനു പറയുന്നത്.

അമ്മയില്‍ അംഗത്വം നേടാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ബാബു കഴുത്തില്‍ ചുംബിച്ചെന്നു നടി പറയുന്നു. റെസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്നു കെട്ടിപ്പിടിച്ചെന്നും ഫ്‌ലാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നും മിനു ആരോപിച്ചിരുന്നു. മണിയന്‍പിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലില്‍ മുട്ടിയെന്നും മിനു ആരോപിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഭിഭാഷകനായ ചന്ദ്രശേഖരന്‍ എന്നിവരാണ് മോശമായി പെരുമാറിയെന്ന് നടി ആരോപിച്ച മറ്റുള്ളവര്‍.