ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസുമായി നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) നടത്തിയിരിക്കുന്ന സീറ്റ് വിഭജനം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറി. ഇന്ത്യ സഖ്യത്തിന് വേണ്ടി സീറ്റ് ധാരണയ്ക്ക് ചുക്കാന്‍ പിടിച്ച് വിജയത്തിലെത്തിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണു ഗോപാലിന്റെ കരുതലോടെയുള്ള നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൃത്യമായ രാഷ്ട്രീയ നീക്കത്തിന് എഐസിസി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനായി കഴിഞ്ഞ ദിവസങ്ങളില്‍ മാരത്തോണ്‍ ചര്‍ച്ചകളാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രീനഗർ കേന്ദ്രീകരിച്ച് നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പി.സി.സി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസും എന്‍സിയുമായുള്ള സീറ്റ് ധാരണ കീറാമുട്ടിയായി നിലനിന്നു. അതിനിടയില്‍ സഖ്യമില്ലാതെ മല്‍സരിക്കാനും എന്‍സി നീക്കം നടത്തിയപ്പോള്‍ ഇത് നേട്ടം ചെയ്യുക ബിജെപിക്കായിരിക്കുമെന്ന് മനസിലാക്കിയ സോണിയ ഗാന്ധി ജനറല്‍ സെക്രട്ടറിയും വിശ്വസ്തനും ക്രൈസിസ് മാനേജര്‍ എന്ന് വിശേഷണമുള്ള കെ.സി. വേണുഗോപാലിനെ ശ്രീനഗറിലേക്ക് അയച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍, ജമ്മു കശ്മീരിലുടനീളം ഇരു പാര്‍ട്ടികളും ഉറ്റുനോക്കുന്ന ഏതാനും തര്‍ക്ക സീറ്റുകളില്‍ സമവായമുണ്ടാക്കാന്‍ കോണ്‍ഗ്രസും എന്‍സി നേതാക്കളും ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും സല്‍മാന്‍ ഖുര്‍ഷിദും ശ്രീനഗറിലെത്തി എന്‍സി നേതൃത്വവുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സീറ്റ് പങ്കിടല്‍ കരാറിന് അന്തിമ രൂപം നല്‍കിയത്. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ നടന്ന ചര്‍ച്ചകള്‍ക്കും രണ്ട് തുടര്‍ച്ചയായ യോഗങ്ങള്‍ക്കും ശേഷം 90 നിയമസഭാ സീറ്റുകളിലും ഇരു പാര്‍ട്ടികളും സമവായത്തിലെത്തി. ഇതോടെ എന്‍.സി 51, കോണ്‍ഗ്രസ് 32, സിപിഎം, പാന്തേഴ്സ് പാര്‍ട്ടി എന്നിവ ഓരോ സീറ്റ് എന്ന നിലയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഇന്ത്യ മുന്നണിയായി ജമ്മുവില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. കാശ്മീര്‍ താഴ്വരയിലെ സീറ്റുകളുടെ കാര്യത്തിലായിരുന്നു അവസാനം വരെ തര്‍ക്കം നിലനിന്നത്. ഇവിടെ 10 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഒടുവില്‍ 7 സീറ്റുകള്‍ എന്നതാണ് ധാരണയില്‍ എത്തി. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജമ്മു കാശ്മീരില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യ നീക്കം പൊളിക്കാന്‍ അണിയറയില്‍ നീക്കം ശക്തമായിരുന്നു.

ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 24 സീറ്റുകളിലേയ്ക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അവസാന മണിക്കൂറുകളില്‍ കെസിയുടെ നിര്‍ണായക കരുനീക്കങ്ങള്‍ നടന്നത്. ധാരണയിലെത്താത്ത അഞ്ച് സീറ്റുകളില്‍ സൗഹൃദ മല്‍സരമെന്നതും ഘടകകക്ഷികളെക്കൊണ്ട് സമ്മതിപ്പിക്കുന്നതില്‍ വേണുഗോപാലിന്റെ നീക്കം വിജയം കണ്ടു. താനും മകന്‍ ഒമറും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷം ഇരുവരും തമ്മിലുള്ള സഖ്യം നേരത്തെ അബ്ദുള്ള പ്രഖ്യാപിച്ചു. സംയുക്ത പത്രസമ്മേളനത്തില്‍ ഫാറൂഖ് അബ്ദുള്ളയും വേണുഗോപാലും, പി.സി.സി പ്രസിഡന്റ് താരീഖ് ഹമീദ് കാറ എന്നിവര്‍ ചേര്‍ന്ന് സീറ്റ് വിഭജന കരാര്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി പഠിച്ച് നടപടിക്ക് ആഹ്വാനം ചെയ്യുന്ന ക്രൈസിസ് മാനേജര്‍മാര്‍ കുറവാണെന്ന പ്രതിസന്ധിക്ക് കെ.സി. വേണുഗോപാല്‍ ഉത്തരമായി മാറുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ പല ഘട്ടങ്ങളിലും കെ.സി. നടത്തിയ നീക്കങ്ങള്‍ എഐസിസിയെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു.

”രാജ്യത്തെ വര്‍ഗീയ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്കെതിരെയാണ് ഞങ്ങളുടെ സഖ്യം രൂപപ്പെട്ടത്. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്, കോണ്‍ഗ്രസും എന്‍സിയും ഈ തെരഞ്ഞെടുപ്പില്‍ സംയുക്തമായി മത്സരിക്കും. ജമ്മു കശ്മീരിന്റെ ആത്മാവിനെ ഒന്നിപ്പിക്കുക എന്നതാണ് സഖ്യത്തിന്റെ പൊതു ആശയമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ”ഒരു വശത്ത്, ജമ്മു കശ്മീരിന്റെ ആത്മാവിനെ നശിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നു, ആത്മാവിനെ രക്ഷിക്കുക എന്നതാണ് ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാന ആശയം. ഞങ്ങള്‍ ഒരുമിച്ച് പോരാടുകയും ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും. സഖ്യകക്ഷികള്‍ക്ക് ഒരു പൊതു മിനിമം പരിപാടിയുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു, ”കശ്മീരിലെ ജനങ്ങളെ ബിജെപി വഞ്ചിച്ചിരിക്കുന്നു. ഇവിടെ സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമായി മാറിയത് ബിജെപിയാണ്. ജനങ്ങളുടെ പുരോഗതിയിലും ഐക്യത്തിലും തൊഴിലിലും ഞങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ബിജെപിയുടെ അജണ്ട ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്. സീറ്റ് വിഭജന കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഹമീദ് കാറ പറഞ്ഞു, ”വളരെ സൗഹാര്‍ദ്ദപരവും അച്ചടക്കത്തോടെയും അഞ്ച് സീറ്റുകളില്‍ സൗഹൃദ മത്സരം നടത്താന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരു സീറ്റ് സിപിഐഎമ്മിനും ഒരെണ്ണം പാന്തേഴ്‌സ് പാര്‍ട്ടിക്കും വിട്ടുകൊടുത്തു.

ഒരു ദശാബ്ദത്തിനിടെ ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായി നടക്കും. അഞ്ച് വര്‍ഷം മുമ്പ് അതിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞതിന് ശേഷം അസ്വസ്ഥമായ മേഖലയിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത്. കേന്ദ്രഭരണ പ്രദേശത്തിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് മുമ്പുള്ള അവസാന പടി ആയിരിക്കാനാണ് സാധ്യത. 2008-ല്‍ എന്‍സിയും കോണ്‍ഗ്രസും ചേര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി, ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സഖ്യസര്‍ക്കാരിനെ നയിച്ചു. 2014ലെ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കാതെ എല്ലാ സീറ്റുകളിലും വെവ്വേറെയാണ് മത്സരിച്ചത്. പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവരുകയും ബി.ജെ.പിയുമായി ആശയപരമായ തീവ്രമായ സഖ്യം രൂപീകരിക്കുകയും ചെയ്തു. എന്നാല്‍, ബിജെപി പിന്തുണ പിന്‍വലിക്കുകയും ജൂണില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ 2018-ന്റെ തുടക്കത്തില്‍ സഖ്യം തകര്‍ന്നു.
Content Highlights; Congress and NC Alliance in Jammu and Kashmir will strengthen the India Front