റെന്റൽ വാഹനങ്ങൾക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാമെന്ന് സൗദി ഗതാഗത മന്ത്രാലയം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയിരിക്കണമെന്നും ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ ജാസർ വ്യക്തമാക്കി.
രാജ്യത്ത് ഡെലിവറി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ദീർഘകാലടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്ക്കെടുത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വാഹനങ്ങൾ ഗതാഗത മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.
വാഹനത്തിൻറെ റെൻറൽ എഗ്രിമെൻറ് ഉൾപ്പെടെയുള്ള രേഖകൾ മന്ത്രാലയത്തിന് സമർപ്പിച്ചാൽ ഡെലിവറിക്ക് അനുമതി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം കമ്പനികൾക്ക് ഇരുചക്ര വാഹനങ്ങളുൾപ്പെടെയുള്ളവക്ക് അനുമതി ലഭിക്കും. എന്നാൽ വാഹനങ്ങൾക്ക് അനുമതി നേടിയ ശേഷം മാത്രമേ ഡെലിവറി സേവനങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളുവെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.