തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ കൂട്ടരാജി ഉണ്ടായ സാഹചര്യത്തില്‍ പ്രതികരണവുമായി നടി ശ്വേത മേനോന്‍. മോഹന്‍ലാലിനെ പോലത്തെയൊരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണെന്നും ഭരണസമിതി മുഴുവന്‍ രാജിവെച്ചത് ഞെട്ടിച്ചു എന്നും ശ്വേത മേനോന്‍ പറഞ്ഞു. മോഹന്‍ലാല്‍ പ്രസിഡന്റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്റായി താന്‍ കാണുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
ശ്വേത മേനോന്റെ വാക്കുകള്‍ ഇങ്ങനെ;
‘നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത്രയധികം സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയത് വലിയ കാര്യമാണ്. തുറന്നു പറയാനുള്ള സംസാരിക്കാന്‍ പറ്റുന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുന്ന വനിത അംഗവും ഭാരവാഹിത്വത്തിലേക്ക് വരണം. മെല്ലെ മെല്ലെ അമ്മ സംഘടനയില്‍ ശുദ്ധികലശം ഉണ്ടാകണം. മോഹന്‍ലാലിനെ പോലത്തെയൊരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഭരണസമിതി മുഴുവന്‍ രാജിവെച്ചത് ഞെട്ടിച്ചു.’
‘ഇനി പുതിയ ആളുകള്‍ നേതൃനിരയില്‍ വരണം. ഇത്തവണത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒരു മാറ്റത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീ പ്രസിഡന്റാകണമെന്നും പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായിട്ടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. നല്ലൊരു നീക്കമാണിത്. പുതിയ ഭാരവാഹികള്‍ക്ക് ഏറെ ഉത്തരവാദിത്വം ഉണ്ടാകും. പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. ഭാവിയില്‍ പൃഥ്വിരാജ് പ്രസിഡന്റാകണമെന്ന ആഗ്രഹം നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്റായി കാണുന്നത്’, നടി ശ്വേത മേനോന്‍ പറഞ്ഞു.
താരസംഘടനയായ അമ്മയില്‍ നിന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്ന് രാജിവെച്ചിരുന്നു. ഓണ്‍ലൈനായി ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടരാജി പ്രഖ്യാപിച്ചത്. അമ്മ ഭരണസമിതി പിരിച്ചുവിട്ട് ചുമതല അഡ്‌ഹോക്ക് കമ്മിറ്റിയ്ക്ക് നല്‍കി. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളാണ് ഇന്ന് രാജിവെച്ചത്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയരുകയും തുടര്‍ന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അമ്മയിലെ പ്രതിസന്ധി രൂക്ഷമായത്. അമ്മയിലെ അംഗങ്ങള്‍ തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവരികയായിരുന്നു.
STORY HIGHLIGHTS: Actress Shweta Menon about the mass resignation in AMMA