Travel

രാജാവിന് കിടക്കുവാൻ വേണ്ടി 64 തരം ഔഷധമരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കട്ടില്‍, പത്മനാഭപുരം കൊട്ടാരത്തിന്റെ വിശേഷങ്ങള്‍ അറിയാം

കൊട്ടാരത്തിന്റെ എല്ലാ കോണുകളിലും നോക്കിയാൽ കേരളത്തിന്റെ സാംസ്‌കാരിക തനിമയും വാസ്തു വിദ്യയും അതിമനോഹരമായി തുളുമ്പി നില്‍ക്കുന്നത് കാണാം

തിരുവനന്തപുരം കന്യാകുമാരി റോഡില്‍ തക്കല എന്ന സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് എങ്കിലും കേരളത്തിന്റെ അധീനതയിലാണ് ഈ കൊട്ടാരം. കൊട്ടാരത്തിലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് നിലവിൽ കേരള സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പാണ്. കൊട്ടാരത്തിന്റെ എല്ലാ കോണുകളിലും നോക്കിയാൽ കേരളത്തിന്റെ സാംസ്‌കാരിക തനിമയും വാസ്തു വിദ്യയും അതിമനോഹരമായി തുളുമ്പി നില്‍ക്കുന്നത് കാണാം. തടികളില്‍ തീർത്തിരിക്കുന്ന കൊത്തുപണികളും മനോഹരമായ ശില്‍പ്പങ്ങളും ചുവരിലെ അതിമനോഹരചിത്രങ്ങളും കൊട്ടാരത്തിന്റെ മനോഹര കാഴ്ച്ചകളാണ്. ആറ് ഏക്കറോളം വിസ്തൃതിയാലാണ് ഈ പത്മനാഭപുരം കൊട്ടാരം നീണ്ടുനിവർന്നു സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത് അതിമനോഹരം ആയ പൂമുഖമാണ്. അതിഥികളായി എത്തുന്നവരെ രാജാവ് സ്വീകരിച്ചിരുത്തുന്ന സ്ഥലമായി ആണിത് കണക്കാക്കുന്നത്. എവിടെ നോക്കിയാലും തടിയിൽ തീർത്ത കൊത്തുപണികള്‍ കാണാൻ സാധിക്കും.

പടവുകള്‍ കയറി മുകളിലെത്തുമ്പോള്‍ സഞ്ചാരികളെ വരവേൽകുന്നത് മന്ത്രശാല ആണ്. ഇവിടെയാണ് രാജാവ് ഭരണനിര്‍വഹണം നടത്തിയിരുന്നത്. ഭിത്തികളില്‍ വ്യത്യസ്തങ്ങളായ ചുമര്‍ചിത്രങ്ങള്‍ ചുവരിന്റെ സൗന്ദര്യത്തിന് മാച്ച് കൂട്ടിയിട്ടുണ്ട്. പഴയകാല ഗൃഹോപകരണങ്ങളുടെ സമ്പന്നമായ ഒരു കലവറ തന്നെയാണിവിടം. രാജാവ് ഉപയോഗിച്ചിരുന്ന കട്ടില്‍ വരെ ഇവിടെ കാണാം. 64 തരം ഔഷധമരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച ഈ കട്ടില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട കാഴ്ചയാണ്. ഡച്ചുകാര്‍ രാജാവിന് സമ്മാനിച്ചതാണ് ഈ കട്ടില്‍ എന്നാണ് പറയുന്നത്. രാജാവിന്റെ ഖജനാവും പള്ളിയറയുമൊക്കെ കൊട്ടാരം സന്ദര്‍ശിക്കുന്നവര്‍ക്ക് അതിമനോഹരമായ കാഴ്ച തന്നെയാണ്.1592 നും 1609 നും ഇടയിൽ വേണാട് ഭരിച്ചിരുന്ന ഇരവി വർമ്മ കുലശേഖര പെരുമാളാണ് 1601 CE യിൽ ഈ കൊട്ടാരം നിർമ്മിച്ചത് എന്നാണ് പറയുന്നത്. മാർത്താണ്ഡ വർമ്മ രാജാവ് ആണ് കൊട്ടാരം തൻ്റെ കുലദൈവമായ ശ്രീപത്മനാഭന് സമർപ്പിക്കുന്നത്. അതിനാൽ ആണ് പത്മനാഭപുരം അല്ലെങ്കിൽ പത്മനാഭൻ്റെ നഗരം എന്ന പേര് ലഭിക്കുന്നത്.


1935-ൽ ആണ് തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ പിന്തുണയോടെ കൊട്ടാരം ഒരു മ്യൂസിയമാക്കി മാറ്റുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെടുകയും കന്യാകുമാരി തമിഴ്നാട്ടിലേക്ക് മാറ്റപ്പെടുകയും ചെയ്തപ്പോൾ ആണ് കൊട്ടാരം കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആയി നിലനിൽക്കുന്നത്. കേരള സർക്കാരിൻ്റെ പുരാവസ്തു വകുപ്പായാണ് കൊട്ടാരം പരിപാലിക്കുന്നത്. ഓരോ ദിവസവും നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഒരുകാലത്ത് പ്രൗഢി വിളിച്ച് ഓതിയിരുന്ന കൊട്ടാരം ഇപ്പോഴും അതേ പ്രൗഢിയോടെ നിലനിൽക്കുന്നത് കാണാൻ എപ്പോഴും സഞ്ചാരികൾ എത്താറുണ്ട്.
Story Highlights ;Pathmanabhapuram palace