കൊച്ചി: തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണെന്ന മുകേഷിന്റെ ആരോപണം നിഷേധിച്ച് നടി മിനു മുനീര്‍. മുകേഷ് പറയുന്നത് പച്ചക്കള്ളമാണ്. സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല. അവസരം നല്കാൻ മുകേഷ് സംവിധായകൻ ഒന്നും അല്ലലോയെന്നും മിനു മുനീര്‍ ചോദിച്ചു.
തന്നെ മുകേഷിന് അറിയാമെന്ന് പറഞ്ഞത് നന്നായി. മുകേഷിനെ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്തെങ്കില്‍ അന്ന് തന്നെ പൊലീസില്‍ പരാതിപ്പെടാമായിരുന്നില്ലെയെന്നും മിനു മുനീര്‍ പറഞ്ഞു. എന്താണ് പരാതി നല്കാൻ മുകേഷ് വൈകിയത്?. മുകേഷ് പറയുന്നതെല്ലാം കള്ളമാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും മിനു മുനീര്‍ പറഞ്ഞു.
മിനു മുനീറിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടൻ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താനുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങള്‍ സ്വാഗതംചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. സത്യം പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയനാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വെളിപ്പെടുത്തല്‍ നടത്തിയ നടിക്കെതിരെ മുകേഷ് ബ്ലാക്മെയിലിങ് ആരോപണവും ഉന്നയിച്ചു.
ബ്ലാക്മെയില്‍ തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണിവെക്കുന്നവരെ ഒറ്റപ്പെടുത്തുകതന്നെ ചെയ്യും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മുകേഷ് വ്യക്തമാക്കി.