മുംബൈ: ഛത്രപതി ശിവാജിയുടെ തകർന്ന പ്രതിമക്ക് പകരം അതേസ്ഥലത്ത് അതിലും വലുത് നിർമിക്കുമെന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ്. തകർന്ന പ്രതിമയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത് സംസ്ഥാന സർക്കാറല്ല, ഇന്ത്യൻ നേവിയായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിമയുടെ നിർമ്മാണത്തിനും സ്ഥാപനത്തിനും ഉത്തരവാദിത്വം വഹിച്ചവർ കാറ്റിൻ്റെ വേഗതയും ഉപയോഗിച്ച ഇരുമ്പിൻ്റെ ഗുണനിലവാരവും അടക്കമുള്ള പ്രധാന ഘടകങ്ങൾ അവഗണിച്ചിട്ടുണ്ടാകുമെന്നും കടൽക്കാറ്റുമായി സമ്പർക്കം പുലർത്തുന്നതിനാൽ പ്രതിമ തുരുമ്പെടുത്തതാകമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ചുമതലപ്പെട്ടവർ ഈ ഘടകങ്ങളെല്ലാം മനസ്സിലാക്കിയിരുന്നോ എന്നത് ചോദ്യമുയർത്തുന്നുവെന്നും പ്രതിമ തകർന്ന സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അരോചകമാണെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഇന്ത്യൻ നാവികസേന അന്വേഷണം ആരംഭിച്ചു. വിദഗ്ധസംഘം സംഭവസ്ഥലത്തെത്തി അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെ നാവികസേനയാണ് പ്രതിമയുടെ നിർമാണവും സ്ഥാപനവും നടത്തിയതെന്ന് നാവികസേന വ്യക്തമാക്കി. പ്രാഥമിക പരിശോധനകൾ തങ്ങളാണ് നടത്തിയതെന്നും എന്നാൽ, പിന്നീട് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സംസ്ഥാന സർക്കാരിന് കൈമാറിയെന്നും നാവികസേന അറിയിച്ചു. അന്വേഷണത്തിന് ശേഷം പ്രതിമയുടെ പുനരുദ്ധാരണം ആരംഭിക്കുമെന്നും സേന വ്യക്തമാക്കി.
സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിൽ കഴിഞ്ഞ ഡിസംബർ നാലിന് നാവികസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ 35 അടി ഉയരത്തിലുള്ള പ്രതിമ തിങ്കളാഴ്ച വൈകീട്ടാണ് തകർന്നുവീണത്. പ്രതിമയുടെ കാൽപാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തിൽ ബാക്കിയായത്. ഇത്രപെട്ടെന്ന് പ്രതിമ തകർന്നതോടെ കോടികൾ ചെലവിട്ട നിർമാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. ജില്ലയിൽ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്. മോശം കാലാവസ്ഥയായിരിക്കാം പ്രതിമ തകരാൻ കാരണമെന്നാണ് പുറത്തുവരുന്ന വിശദീകരണം.