ന്യൂഡൽഹി: ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ. എതിരാളികളൊന്നുമില്ലാതെ ഏകപക്ഷീയമായിട്ടാണ് ജയ് ഷാ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ചൊവ്വാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഷാ മാത്രമാണ് പത്രിക നൽകിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനായി മാറി 35കാരനായ ഷാ. ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേ ഐ.സി.സി ചെയര്മാന് സ്ഥാനത്ത് തുടരില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ക്രിക്കറ്റ് ആസ്ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ ഷാക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഷാക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ക്രിക്കറ്റിന് ആഗോളാടിസ്ഥാനത്തിലുള്ള വളർച്ചയുണ്ടാക്കാനാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ജയ്ഷാ സ്ഥാനമേറ്റതിനു ശേഷമുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ‘2028 ഒളിംപ്ക്സിലടക്കം ക്രിക്കറ്റിന് ഇടം തേടുകയാണ് ലക്ഷ്യം. ഐസിസി ചെയർമാനാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ക്രിക്കറ്റ് മുമ്പുണ്ടായിരുന്നതിനേക്കാളും മികച്ച രീതിയിൽ ലോകരാജ്യങ്ങൾക്കിടയിൽ എല്ലായിടത്തും എത്തിക്കുന്നതാണ് അടുത്ത ലക്ഷ്യം.’ ജയ്ഷാ പറഞ്ഞു.
ഐ.സി.സിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ. എന്‍. ശ്രീനിവാസന് (2014-2015), ശശാങ്ക് മനോഹര്‍ (2015-2020) എന്നിവർ ഐ.സി.സി ചെയർമാൻ പദവി വഹിച്ചിരുന്നു. ജഗ്മോഹന് ഡാല്‍മിയ (1997-2000), ശരദ് പവാര്‍ (2010-2012) എന്നിവർ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ഷാ ചുമതല ഏറ്റെടുക്കും. ഷാക്കു പകരം റോഷൻ ജെയ്റ്റിലി അടുത്ത ബി.സി.സി.ഐ സെക്രട്ടറിയാകുമെന്നാണ് റിപ്പോർട്ട്.