കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടന് മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോയെന്ന് പൊതുജനങ്ങൾ സംശയിക്കും. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ആനി രാജാ പറഞ്ഞു.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് അമ്മയിലെ കൂട്ടരാജി കാരണമാകുമെന്നും അവര്‍ വിശദീകരിച്ചു.
ലൈംഗികാരോപണം നേരിടുന്ന മുകേഷിനെതിരായ വികാരമാണ് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിലും. മുകേഷ് അവമതിപ്പുണ്ടാക്കിയെന്നാണ് പൊതുവെയുളള വികാരം. എന്നാല്‍ മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനിടെയാണ് ലൈംഗികാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ് വാര്‍ത്താ കുറിപ്പിറക്കിയത്.