‘നരകത്തീ’ എന്നൊക്കെ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. പാപം ചെയ്യുന്നവരെ തീക്കുഴിയില്‍ എറിയുന്ന നരകം മിക്കവാറും എല്ലാ മതങ്ങളുടെയും വിശ്വാസത്തിന്‍റെ ഭാഗമാണ്. എന്നാല്‍ അങ്ങനെയൊരു സ്ഥലം നമ്മുടെ ഭൂമിയിലുണ്ട്; എപ്പോഴും തീ കത്തുന്ന ഒരു ഭീമന്‍ കുഴി. ‘നരകത്തിലേക്കുള്ള കവാടം’ എന്നാണ് ഇത് അറിയപ്പെടുന്നത്.തുർക്ക്മെനിസ്താനിലെ ദര്‍വാസ ഗ്രാമത്തിനടുത്ത് കരാകും മരുഭൂമിയിലാണ് പേടിപ്പെടുത്തുന്ന ഈ അദ്ഭുതം ഉള്ളത്. വെറും 350 പേര്‍ മാത്രം വസിക്കുന്ന ഒരു ഗ്രാമമാണിത്. 69 മീറ്റര്‍ വ്യാസവും 30 മീറ്റര്‍ ആഴവും ഉള്ള ഭീമന്‍ കുഴിയില്‍ തീ കത്തുന്ന കാഴ്ച കാണാന്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
മരുഭൂമി ക്യാമ്പിങ്ങിനായി ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ എത്തിച്ചേരുന്നവരും കുറവല്ല. കഴിഞ്ഞ നാല്‍പ്പത്തി ഒന്‍പത് വര്‍ഷമായി അണയാതെ തുടരുകയാണ് ‘ദര്‍വാസ ഗ്യാസ് ക്രേറ്റര്‍’ എന്ന് പേരുള്ള ഈ കുഴി. ഇതിനുള്ളിലെ സദാ തിളയ്ക്കുന്ന മണ്ണും ഓറഞ്ചു നിറത്തില്‍ തെളിയുന്ന അഗ്നിനാളങ്ങളുമെല്ലാം വളരെ ദൂരെ നിന്നേ കാണാം. 1971ല്‍ ഇവിടെയെത്തിയ സോവിയറ്റ് എന്‍ജിനീയര്‍മാരാണ് ഈ പ്രദേശം ആദ്യമായി തിരിച്ചറിഞ്ഞത്. ഇവിടെ എണ്ണനിക്ഷേപം ഉണ്ടാകുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, എണ്ണയ്ക്ക് പകരം ഭൂമിക്കടിയില്‍ നിന്നുള്ള വാതകങ്ങള്‍ നിലയ്ക്കാതെ പുറത്തേക്ക് പ്രവഹിക്കുന്ന ഒരു ദ്വാരമാണ് അവര്‍ കണ്ടെത്തിയത്.
വിഷമയമായ ഈ വാതകപ്രവാഹം അടുത്തുള്ള നഗരങ്ങളിലേക്ക് ഒഴുകിപ്പടരാതിരിക്കാന്‍ അവര്‍ കണ്ടെത്തിയ വഴിയായിരുന്നു ഇവിടെ തീയിടുക എന്നത്. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ ഭൂമിക്കടിയില്‍ നിന്നുള്ള വാതകങ്ങള്‍ കത്തിത്തീരുന്നതോടെ തീ താനേ അണയും എന്നവര്‍ കരുതി. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഇന്നും നിലയ്ക്കാതെ തുടരുകയാണ് ഈ തീ. 2010 ഏപ്രിലിൽ ഇവിടെയത്തിയ തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് ഗുർബാംഗുലി ബെർഡിമുഹമദോ, ഈ ദ്വാരം അടയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. പിന്നീട്, 2013ൽ അദ്ദേഹം തന്നെ, കരാകും മരുഭൂമിയുടെ ഈ ഭാഗം പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയുണ്ടായി.
STORY HIGHLLIGHTS: Turkmenistan fiery crater has been burning in the Karakum Desert