Health

പാരമ്പര്യ രോഗങ്ങളെ എങ്ങനെ നേരിടും?- Hereditary disease

ഒരു വ്യക്തിയെ ആരോഗ്യകരമായ അവസ്ഥയിൽ നിലനിർത്തുന്നതിന് കുടുംബാംഗങ്ങളുടെ മെഡിക്കൽ ചരിത്രം വളരെ പ്രധാനമാണ്

പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്നാണ്.  എന്നാൽ അങ്ങനെ തന്നെയാണ് ചില രോഗങ്ങളും പാരമ്പര്യമായി തന്നെ ലഭിക്കും. എത്രയൊക്കെ ശ്രദ്ധിച്ചാലും ചില പാരമ്പര്യ രോഗങ്ങൾ വീടാതെ പിന്തുടരും. ഒരു വ്യക്തിയെ ആരോഗ്യകരമായ അവസ്ഥയിൽ നിലനിർത്തുന്നതിന് കുടുംബാംഗങ്ങളുടെ മെഡിക്കൽ ചരിത്രം വളരെ പ്രധാനമാണ്. ആരോഗ്യം ജനിതകശാസ്ത്രത്തിൻ്റെയും ജീവിതരീതിയുടെയും ഫലമാണ്. ഇതിൽ ജനിതകശാസ്ത്രം മാറ്റാൻ കഴിയില്ല, പക്ഷേ തീർച്ചയായും ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരാൻ കഴിയും. ഇതിലൂടെ ഒരു പരിധിവരെ പാരമ്പര്യ രോഗങ്ങളെ തടയാം.

പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, ജനിതകപരമായ വൈകല്യങ്ങള്‍, അമിതവണ്ണം എന്നിവയാണ് പ്രധാനമായും അലട്ടുന്ന പാരമ്പര്യരോഗങ്ങള്‍. പല കാരണങ്ങള്‍കൊണ്ടും രോഗങ്ങള്‍ ഉണ്ടാകാം. സാമൂഹിക ചുറ്റുപാടുകള്‍, ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ പാരമ്പര്യരോഗങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തെറ്റായ ഭക്ഷണക്രമങ്ങള്‍ മൂലവും വ്യായാമക്കുറവ് കൊണ്ടും ജീവിതശൈലി രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്നു. കുടുംബത്തിലുള്ള ഒന്നിലധികം ആളുകളെ ഒരു രോഗം ബാധിക്കുമ്പോഴാണ് പാരമ്പര്യ രോഗങ്ങളായി കണക്കാക്കുന്നത്.

രോഗങ്ങള്‍ അടുത്ത തലമുറയിലെ അംഗങ്ങള്‍ക്കും കണ്ടുതുടങ്ങിയാല്‍ പാരമ്പര്യ രോഗങ്ങള്‍ക്ക് കൂടുതൽ കരുതലുകള്‍ അനിവാര്യമാണ്. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ രക്താണുക്കളെ ബാധിക്കുന്ന രോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയെല്ലാം പാരമ്പര്യ രോഗങ്ങളില്‍ ഉള്‍പ്പെടുന്നു. ജീനുകള്‍ക്കുണ്ടാകുന്ന വ്യത്യാസങ്ങളാണ് പാരമ്പര്യ രോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം. എന്നാല്‍ പാരമ്പര്യ രോഗങ്ങളില്‍ ചിലത് നേരത്തെ തിരിച്ചറിയാനാകും. കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരേ രോഗമുണ്ടെങ്കില്‍ മുന്‍കരുതലുകള്‍ സ്വയം സ്വീകരിക്കാം.

പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഘടകങ്ങളിലൊന്നാണ് ഓട്ടോസോമല്‍ ഡൊമിനന്റ്. ഒരു വ്യക്തിക്ക് രണ്ട് ജീനുകളാണ് ഒന്ന് മാതാവില്‍ നിന്നും മറ്റൊന്ന് പിതാവില്‍ നിന്നും. മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ ജീനില്‍ നിന്നും രോഗമുണ്ടാകുന്ന അവസ്ഥയാണ് ഓട്ടോസോമല്‍ ഡൊമിനന്റ് എന്നു പറയുന്നത്. എന്നാൽ, മാതാവില്‍ നിന്നും പിതാവില്‍ നിന്നുമുള്ള ജീനുകളിലൂടെ രോഗം പ്രകടമാകുന്ന അവസ്ഥയാണ് ഓട്ടോസോമല്‍ റെസിസീവ്.

ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; മാതാപിതാക്കള്‍, സഹോദരങ്ങള്‍ അടുത്ത ബന്ധുക്കൾ ഇവരിൽ കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചുള്ള ഫാമിലി ഹിസ്റ്ററി അറിഞ്ഞിരിക്കുന്നത് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സഹായകമാകും. കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരു രോഗമുണ്ടായാല്‍ തീര്‍ച്ചയായും മറ്റുള്ളവരും ചെക്കപ്പുകള്‍ നടത്തുന്നത് ഗുണം ചെയ്യും. രോഗമുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സ ആരംഭിക്കേണ്ടതാണ്. പാരമ്പര്യ രോഗങ്ങള്‍ മനസിലാക്കി ജീവിതരീതിയില്‍ ശ്രദ്ധിക്കുകയും ആഹാരക്രമത്തില്‍ മിതത്വം പാലിക്കുകയും ചെയ്യുക.

story highlight: Hereditary disease