700 ഏക്കറില്‍ പരന്നുകിടക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മാടായിപ്പാറ. വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും വലിയൊരു ചരിത്രം കൂടിയുണ്ട് ഈ സ്ഥലത്തിന്. മാടായിക്കോട്ട എന്ന് പേരുള്ള ഒരു കോട്ട ഇവിടെ സ്ഥിതി ചെയ്തതിനാലാണ് ഇവിടെ ഇന്ന് മാടായിപ്പാറ എന്നറിയപ്പെടുന്നത്. കോലോത്തു രാജവംശത്തിലെ വല്ലഭ രാജാവ് നിര്‍മ്മിച്ചതാണ് മാടായി കോട്ട. ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോഴും കാണാന്‍ സാധിക്കും. മാടായിപ്പാറയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ജൂതക്കുളം.കൈയ്യില്‍ പിടിച്ചിരിക്കുന്ന കണ്ണാടിയുടെ ആകൃതിയിലാണ് ഈ കുളം കാണപ്പെടുന്നത്. കരിമ്പാറ വെട്ടിയാണ് ഈ ജൂതക്കുളം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ജൂതന്മാര്‍ കുടിയേറിയത് ഇവിടെ ആണെന്നാണ് പറയപ്പെടുന്നത്. പൂക്കളുടെ നാട് എന്നും മാടായിപ്പാറ അറിയപ്പെടുന്നു. ഈ പാറ സ്ഥിതി ചെയ്യുന്നത് കുപ്പം നദിയുടെ തീരത്താണ്. ഋതുക്കള്‍ക്ക് അനുസരിച്ച് ഭാവം മാറുന്ന ഒരു ഇടം എന്നും ഇവിടം അറിയപ്പെടുന്നു. മഞ്ഞ, വെള്ള, പിങ്ക്, നീല തുടങ്ങിയ നിറത്തിലുള്ള പൂക്കളുടെ മനോഹരമായ ഒരു പരവതാനി ഇവിടെ കാണാന്‍ സാധിക്കും. പൂക്കള്‍ ധാരാളം ഉള്ളതുകൊണ്ടുതന്നെ ആകാം ഇവിടെ വരുന്ന സഞ്ചാരികള്‍ക്ക് ധാരാളം ചിത്രശലഭങ്ങളെയും കാണാന്‍ സാധിക്കുന്നുണ്ട്. ഏകദേശം 150ല്‍ പരം വ്യത്യസ്ത ഇനം ചിത്രശലഭങ്ങള്‍ ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്.
ഓണക്കാലത്ത് കാക്കപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മാടായിപ്പാറ ഒരു നീലപ്പുഴയായി മാറും. എന്നാല്‍ അതേസമയം തന്നെ മഴക്കാലമായാലോ.. ഇവിടം പച്ചവിരിച്ച് പച്ചപരവതാനി പോലെ തോന്നും. മാടായിപ്പാറയുടെ തെക്കുഭാഗത്ത് എത്തിയാല്‍ ധാരാളം പറങ്കിമാവുകള്‍ കാണാം. ഇവ നട്ടുപിടിപ്പിച്ചത് പോര്‍ച്ചുഗീസുകാരാണ് എന്നാണ് പറയപ്പെടുന്നത്. മാടായിപ്പാറയിലെ മാടായിക്കാവും വടുകുന്ദ ശിവക്ഷേത്രവും ഈ സ്ഥലത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാക്കി മാറ്റുന്നു. ഏഴര ബീച്ച്, വെള്ളൂര്‍, കവ്വായി, ചൂട്ട് ബീച്ച് എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ആകും. അതുകൊണ്ടുതന്നെ മാടായിപ്പാറയിലേക്കുള്ള നിങ്ങളുടെ വരവ് ഒരു കംപ്ലീറ്റ് യാത്ര പാക്കേജ് ആണെന്ന് തന്നെ പറയാം.
ഒഴിവുസമയങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കാന്‍ പറ്റുന്ന ഒരു സ്ഥലമാണ് മാടായിപ്പാറ. കാറ്റും പ്രകൃതിരമണീയതയും കൊണ്ട് സമ്പന്നമാണ് ഇവിടം. വീടുകളില്‍ നിന്നും ലഘു ഭക്ഷണങ്ങളുമായി എത്തുന്ന ആളുകള്‍ ഇവിടെ വട്ടത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന കാഴ്ചകള്‍ വളരെ ആനന്ദകരമാണ്. വൈകുന്നേരങ്ങളിലാണ് ഇവിടേക്ക് ആളുകള്‍ കൂടുതലായും എത്തുന്നത്.
STORY HIGHLIGHTS: Madayipara, Kannur