എറണാകുളം: കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച രണ്ടു സ്ത്രീകൾക്കെതിരെ പരാതി നൽകി ഇടവേള ബാബു. സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്.
ഇമെയിൽ വഴിയാണ് പരാതി അയച്ചത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതിയിൽ കൃത്യമായി അന്വേഷണം നടത്തണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു. തന്റെ അഭിഭാഷകനുമായി നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.
മാധ്യമങ്ങളിലൂടെയാണ് സ്ത്രീകള്‍ ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ ആ സ്ഥാനം ഉള്‍പ്പെടെ ലൈംഗിക ചൂഷണത്തിനായി ഇടവേള ബാബു ദുരുപയോഗം ചെയ്തെന്ന് ഉള്‍പ്പെടെ ആരോപണം ഉണ്ടായിരുന്നു. ഇടവേള ബാബു കടന്നുപിടിച്ചെന്ന് ഉള്‍പ്പെടെ ഒരു സ്ത്രീ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തി കാര്യങ്ങളില്‍ പൊതുസമൂഹത്തിന് വ്യക്തത നല്‍കണമെന്നാണ് പരാതിയിലൂടെ ഇടവേള ബാബു ആവശ്യമുന്നയിച്ചിരിക്കുന്നത്.