പാലക്കാട് ജില്ലയുടെ ആത്മാവിന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം എന്നാണ് മീന്‍വല്ലം വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ശാന്തമായ ഭൂപ്രകൃതിയില്‍ നിന്നുകൊണ്ട് ഇരമ്പി വരുന്ന വെള്ളത്തിന്റെ ഒച്ച കേള്‍ക്കുന്ന ദിവ്യ അനുഭവം ഇവിടെ എത്തിയാല്‍ സഞ്ചാരികള്‍ക്ക് ലഭിക്കും. പ്രകൃതിസ്‌നേഹികളായ സഞ്ചാരികള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്. പച്ചപ്പില്‍കൂടി പതഞ്ഞ് വരുന്ന വെളളം തീര്‍ച്ചയായും ഏവരുടെയും മനം കുളിര്‍പ്പിക്കുന്ന ഒന്നുതന്നെയാണ്.
മീന്‍വല്ലം വെള്ളച്ചാട്ടം വനത്തിനുള്ളില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ആഴത്തിലാണ് കാണാന്‍ സാധിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകൃതിദത്ത കാഴ്ച വളരെ മനോഹരമാണ്. കല്ലടിക്കോടന്‍ മലനിരകളില്‍ നിന്നു ഉദ്ഭവിക്കുന്ന തുപ്പനാട് പുഴ 45 മീറ്റര്‍ ഉയരത്തില്‍ നിന്നു തട്ടു തട്ടായി താഴേക്കു പതിക്കുന്ന സ്ഥലമാണ് മീന്‍വല്ലം. ഈ പുഴ പിന്നീട് തൂതപ്പുഴയുമായി ഒത്തു ചേരുന്നു. തൂതപ്പുഴ ചെന്നു ചേരുന്നത് ഭാരതപ്പുഴയിലാണ്.
മീന്‍വല്ലത്ത് മൂന്നു മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയുള്ള ഒരു ചെറുകിട ജലവൈദ്യുത പദ്ധതിയും ഉണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്താണ് ഇതി നടപ്പാക്കിയത്. പാലക്കാട് വനംവകുപ്പ് വിഭാഗം ഒലവക്കോട് റേഞ്ചില്‍ തുടിക്കോട് വനസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ് വെള്ളച്ചാട്ടവും ചുറ്റുമുള്ള വനമേഖലയും. സൈലന്റ് വാലി ദേശീയോദ്യാനത്തിനോടു ചേര്‍ന്നു കിടക്കുന്ന വനമേഖലയുടെ ഭാഗമാണ് പ്രദേശം. പാലക്കാട് ജില്ലയിലെ അത്രയൊന്നും അറിയപ്പെടാത്തതും സഞ്ചാരികള്‍ വളരെ കുറവുമുളള ഒരു വെള്ളച്ചാട്ടമാണിത്.
കേരളത്തിലെ മണ്‍സൂണ്‍ സീസണ്‍ കഴിഞ്ഞ ഉടന്‍തന്നെ ഇവിടെ എത്തിയാല്‍ ആണ് ഇതിന്റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാന്‍ ആവുക. പര്‍വതങ്ങളുടെ മുകളില്‍ നിന്ന് ഇരുണ്ട പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇരുമ്പുന്ന ശബ്ദവുമായി എത്തുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി മറ്റൊന്നിനും പകരം വയ്ക്കാന്‍ ആകില്ല. തുപ്പനാട് കവലയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ദേശീയപാത 213-ല്‍ പാലക്കാട് നിന്ന് മണ്ണാര്‍ക്കാട്ടേക്കുള്ള വഴിയില്‍ ആണ് തുപ്പനാട് കവല. മണ്ണാര്‍ക്കാട്ടു നിന്ന് 26 കി. മീറ്ററും പാലക്കാട് നിന്നു 34 കി. മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.
STORY HIGHLIGHTS: Meenvallam Waterfalls, Palakkad