കൊച്ചി: യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ഇന്നലെയാണ് നടി ഡിജിപിക്ക് പരാതി നൽകിയത്. 2016-ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
അതിനിടെ നടിക്കെതിരെ ആരോപണവുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. വ്യത്യസ്ത സമയത്ത് വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നായിരുന്നു സിദ്ദിഖിന്‍റെ വാദം. തനിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പാണ് സിദ്ദിഖ് മോശമായി പെരുമാറിയത് എന്നായിരുന്നു നടിയുടെ ആരോപണം. എന്നാൽ ചൈനയിലെ പഠനം പാതിവഴിയിലാക്കി മടങ്ങിയ പെൺകുട്ടിയെ താൻ കാണുമ്പോൾ അവർക്ക് പ്രായപൂർത്തിയായിട്ടുണ്ട് എന്നാണ് സിദ്ദിഖിന്‍റെ പരാതിയിൽ പറയുന്നത്.
നടിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് വരുത്താനുള്ള ശ്രമവും സിദ്ദിഖ് നടത്തുന്നുണ്ട്. ചൈനയിൽ മെഡിസിന് പഠിക്കുമ്പോൾ സഹപാഠിയുടെ നഗ്നചിത്രമെടുത്തുവെന്ന ആരോപണം ഒരു ഫാഷൻ കോഡിനേറ്റർ വഴി കേട്ടിട്ടുണ്ട് എന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ അദ്ദേഹം പറയുന്നത്. തന്റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിദ്ദിഖ് ആരോപിച്ചു.
വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ നടിയെ ഉപയോഗിച്ചു. ആരോപണമുന്നയിച്ച ശേഷം മാത്രമാണ് അവർക്ക് ശ്രദ്ധ ലഭിച്ചത്. നടിയുടെ ആരോപണത്തിൽ ഡബ്ലിയു.സി.സിയും പ്രതികരിച്ചിട്ടില്ല. മലയാള സിനിമാ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.