Oman

ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം-Four Indians died in Oman car crash

ഒമാനിലെ ഹൈമ വിലായത്ത് എന്ന സ്ഥലത്തായിരുന്നു അപകടം

മസ്‌കറ്റ്: ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഒമാനിലെ ഹൈമ വിലായത്ത് എന്ന സ്ഥലത്തായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാരപരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചത്.

കര്‍ണാടക റായ്ച്ചൂരു ദേവദുര്‍ഗ സ്വദേശികളായ അദിശേഷ് ബാസവരാജ്, പവന്‍കുമാര്‍, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്. ഇവരുടെ കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് കത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കത്തിക്കരിഞ്ഞനിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൂര്‍ണമായും കത്തിനശിച്ചിരുന്നു.

നാലുപേരുടെയും മൃതദേഹങ്ങള്‍ ഹൈമ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അദിശേഷ് നിസ്വയിലാണ് ജോലിചെയ്യുന്നത്. ഒമാന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കൂടെയുണ്ടായിരുന്ന മൂന്നുപേരും. അദിശേഷിന്റെ ബന്ധുക്കളാണ് ഇവര്‍. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഹൈമ കെ.എം.സി.സി. പ്രസിഡന്റ് സലീം അറിയിച്ചു.

STORY HIGHLIGHTS: Four Indians died in Oman car crash