Travel

ഗുരുവായൂര്‍ അമ്പല ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ ഈ ക്ഷേത്രത്തിലും തൊഴുതു പ്രാര്‍ത്ഥിക്കണം; ഈ പുണ്യ സന്നിധി ഏതാണെന്നോ?

ഈ മഹാവിഷ്ണു സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെയാണെന്നാണ് വിശ്വസം

ശിവകുടുംബ സാന്നിധ്യമുള്ള കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ മമ്മിയൂര്‍ മഹാദേവക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പനായി ആരാധിക്കുന്നത് ശിവഭഗവാനെയാണ്. അദ്ദേഹത്തിന്റെ വലത് ഭാഗത്ത് പാര്‍വ്വതിയും ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്‌മണ്യനും ഇവിടെ കുടികൊള്ളുന്നു. തൃശ്ശൂര്‍ ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് മമ്മിയൂര്‍ ക്ഷേത്രം. ഗുരുവായൂരിലെ പ്രതിഷ്ഠ സമയത്ത് മമ്മിയൂരപ്പന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്.പരമശിവന്‍ ഒരിക്കല്‍ കഠിനമായ ധ്യാനത്തിലായിരുന്നു. ആ സമയത്ത് ഭഗവാന്‍ ഗുരുവും വായുദേവനും കൃഷ്ണന്റെ പ്രതിഷ്ഠയ്ക്കായി ശിവന്‍ സൃഷ്ടിച്ച രുദ്രതീര്‍ത്ഥ നദിക്ക് സമീപമുള്ള സ്ഥലത്ത് എത്തിയെന്നും അവരുടെ വരവിന്റെ കാരണം മനസ്സിലാക്കിയ പരമശിവന്‍ അവര്‍ക്ക് സ്ഥലം നല്‍കുകയും എതിര്‍വശത്ത് നദിയുടെ തീരത്ത് സ്ഥാനം പിടിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. കഠിനമായ ധ്യാനത്തിലായിരുന്നിട്ടും, അദ്ദേഹം വായുദേവനെയും ഗുരുദേവനെയും സഹായിച്ചു. അതിനാല്‍ ശിവന്‍ തിരഞ്ഞെടുത്ത സ്ഥലം മഹിമയൂര്‍ [മഹത്വം] എന്ന് വിളിക്കപ്പെട്ടു. പിന്നീട് മഹിമയൂര്‍ മമ്മിയൂര്‍ എന്നറിയപ്പെട്ടു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും വളരെ അടുത്തായി ഏകദേശം ഒരു കിലോമീറ്ററോളം വടക്കുപടിഞ്ഞാറുമാറി, ഗുരുവായൂര്‍-കുന്നംകുളം/ കോഴിക്കോട് റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ്. ഗുരുവായൂര്‍ എത്തുന്ന ഭക്തര്‍ ഇവിടെയെത്തി തൊഴുത് പ്രര്‍ത്ഥിച്ചാല്‍ മാത്രമേ ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകൂ എന്നാണ് പറയപ്പെടുന്നത്. ശിവനെക്കൂടാതെ, തൊട്ടടുത്തുതന്നെ മഹാവിഷ്ണുവും ഇവിടെ സാന്നിദ്ധ്യമരുളുന്നു. ഈ മഹാവിഷ്ണു സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെയാണെന്നാണ് വിശ്വസം. ഇരുവര്‍ക്കും ക്ഷേത്രത്തില്‍ തുല്യപ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി എന്നിവയാണ് മമ്മിയൂരിലെ പ്രധാന ആണ്ടുവിശേഷങ്ങള്‍. കൂടാതെ, ശിവപ്രധാനമായ എല്ലാ തിങ്കളാഴ്ചകളിലും പ്രദോഷ ദിവസങ്ങളിലും ശിവനും, വ്യാഴാഴ്ച-ഏകാദശി തുടങ്ങിയ ദിവസങ്ങളില്‍ മഹാവിഷ്ണുവിനും ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ചെയ്യുന്നു. പിന്‍വിളക്ക്, ധാര, കൂവളമാല, അഭിഷേകം, വെടി വഴിപാട് എന്നിവയാണ് ശിവന് അര്‍പ്പിക്കുന്ന പ്രധാന വഴിപാടുകള്‍. പാല്‍പായസം, കളഭാഭിഷേകം മുതലായവയാണ് മഹാവിഷ്ണുവിനുള്ള പ്രധാന വഴിപാടുകള്‍. ശുദ്ധികലശം, ലക്ഷാര്‍ച്ചന, ചുറ്റുവിളക്ക്, നിറമാല തുടങ്ങി വിശേഷാല്‍ പൂജകള്‍ നടത്തി മഹാവിഷ്ണുവിന്റെ പ്രതിഷ്ഠാദിനവും ഇവിടെ ആഘോഷിക്കുന്നു. നവരാത്രി, മണദാല പൂജ, വിനായക ചതുര്‍ത്ഥി, ഷഷ്ഠി, അഷ്ടമി രോഹിണി, വിഷു തുടങ്ങിയ മറ്റ് ആഘോഷങ്ങളും ഇവിടെ ആഘോഷിക്കുന്നു.മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് മമ്മിയൂര്‍ ക്ഷേത്രം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മമ്മിയൂരില്‍ നേരിട്ട് പോയി തൊഴുതുപ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു പരിഹാരമുണ്ടെന്നാണ് പറയപ്പെടുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതിനടയില്‍ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോള്‍ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതു പ്രാര്‍ത്ഥിക്കുന്നത് മമ്മിയൂരപ്പനെ ധ്യാനിച്ചാണെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്താല്‍ മമ്മിയൂര്‍ ദര്‍ശനത്തിന്റെ പുണ്യവും ലഭിക്കും.

STORY HIGHLIGHTS: Mammiyur Sri Mahadeva Temple, Thrissur