താര സംഘടനയായ ‘അമ്മ’ യുടെ എക്സിക്യൂട്ട് കമ്മറ്റിയുടെ ഒന്നാകെയുള്ള രാജി സംഘടനയെ നവീകരിക്കുന്നതിന്റെ വിപ്ലവകരമായ തുടക്കമാകട്ടെയെന്ന് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവൻ ആളുകളുടെയും പേര് പുറത്തുവരട്ടെ’യെന്നും സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടിയുണ്ടാകുമെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണെന്നും ഫെഫ്ക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ , അതിജീവിതമാരെ പരാതി നൽകുന്നതിലേക്കും നിയമപരമായ നടപടികളിലേക്ക് സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന വ്യക്തമാക്കി. മാത്രമല്ല പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികൾ തുടങ്ങിവെക്കാനുമുള്ള അതിജീവിതകളുടെ ഭയാശങ്കകളെ മാറ്റാനുള്ള വിദഗ്ധമായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഫെഫ്കയിലെ അംഗങ്ങൾ വരെ ആരോപണവിധേയരായ സമയത്തും ഫെഫ്കയുടെ മൗനം എല്ലാരിലും ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.അടുത്ത മാസം 2, 3 , 4 തീയതികളിൽ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി ഫെഫ്കയിലെ അംഗങ്ങളുടെ യോഗം ചേരാനും തീരുമാനം ഉണ്ടായിട്ടുണ്ട്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും. സിനിമ സെറ്റുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ശുപാർശ നല്കുകയും ചെയ്യും എന്നാണ് ഫെഫ്ക ഇപ്പോൾ വ്യക്തമാക്കുന്നത്.
story highlight:fefka reaction about hema committee report