Kerala

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി- sexual harassment case against renjith

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് എസ്ഐടിയ്ക്ക് കൈമാറി

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് എസ്ഐടിയ്ക്ക് കൈമാറി. കൊച്ചി നോർത്ത് പോലീസ് രേഖപ്പെടുത്തിയ കേസാണ് എസ്ഐസിയ്ക്ക് കൈമാറിയത്. നടിയുടെ വിശദമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയ ശേഷമായിരിക്കും പരാതിയിൽ പറഞ്ഞിട്ടുള്ള പ്രത്യേക സാക്ഷികളായ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തേണ്ടി വരുക. പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദ്ദേശപ്രകാരമായിരിക്കും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും.

ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നടി ഉടനൊന്നും കേരളത്തിൽ എത്താത്തതിനാൽ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണസംഘം കൊല്‍ക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും എസ്.ഐ.ടി. പരിശോധിക്കുന്നുണ്ട്. മാത്രമല്ല പരാതിപ്പെട്ട നടിയുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിനുമുന്നിൽ രേഖപ്പെടുത്തേണ്ടതുമുള്ളതിനാൽ രഹസ്യമൊഴി എങ്ങനെ വേണമെന്നതും ആലോചിച്ചുവരികയാണ്.

തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

story highlight;sexual harassment case against renjith