തിരുവനന്തപുരം: നടൻ സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍ നടപടികൾ സ്വീകരിക്കും. തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയിൽവെച്ചാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം യുവനടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെയാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നാലെ തിടുക്കപ്പെട്ട നടപടിയുമായി അന്വേഷണ സംഘം രംഗത്തെത്തുകയായിരുന്നു.
തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് 2016 ൽ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി സിദ്ദിക്ക് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആരോപണമുന്നയിച്ച സമയത്ത് ഈ ഹോട്ടലിൽ സിദ്ദിക്ക് താമസിച്ചിരുന്നോ, ആ സമയത്ത് സിദ്ദിക്കിന്റെ സിനിമാ പ്രിവ്യൂ നിള തിയറ്ററിൽ വെച്ച് നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങളടക്കം അന്വേഷിക്കേണ്ടതുണ്ട്. ഈ സമയത്തെ സിസിടിവി റെക്കോര്‍ഡുകൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ സാഹചര്യ തെളിവുകളകടക്കം അന്വേഷണ സംഘം പരിശോധിക്കും.
മുന്‍കൂര്‍ ജാമ്യത്തിന് നീക്കവുമായി സിദ്ദിഖ്
യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്.
content highlight: police-taking-statements-of-victim-actress