കാലം മാറുമ്പോൾ കോലവും മാറുമെന്നൊരു ചൊല്ലുണ്ട്. മനസ്സിന്റെ കോലങ്ങളിലും മനുഷ്യന്റെ പെരുമാറ്റങ്ങളുടെ പ്രകൃതത്തിലുമൊക്കെ കാലത്തിന്റെ മാറ്റങ്ങളുടെ സ്വാധീനം ഉണ്ടാകും. ഡിജിറ്റൽ സങ്കേതങ്ങൾ തുറന്നിട്ട ആശയവിനിമയ സാധ്യതകൾക്കിടയിൽ മുഖാമുഖം മിണ്ടിയും കേട്ടുമുള്ള അടുപ്പങ്ങൾ കുറയുന്നുവെന്ന പരാതികൾ പലയിടത്തും കേൾക്കാം. ഇലക്ട്രോണിക് സ്‌ക്രീനിനെ ആശ്രയിച്ചുള്ള ജീവിതശൈലികൾക്ക് പ്രാമുഖ്യം വന്നു. അതിലെ കാഴ്ചകളുടെയും വിനോദങ്ങളുടെയും അംശങ്ങൾ ദൈനംദിന പെരുമാറ്റങ്ങളിലും കലരാൻ തുടങ്ങി.
ചാറ്റിങ്ങിനും ചീറ്റിങ്ങിനും സ്ക്രീൻ തുണയായി. സൗകര്യങ്ങൾ വർധിച്ചു. പഠനവും ജോലിയും വീട്ടിലിരുന്നു ചെയ്യാനുള്ള സാഹചര്യം വന്നു. സമൂഹത്തെ ഒഴിവാക്കി അവനവനിലേക്ക് ചുരുങ്ങാനുള്ള അപാര സാധ്യതകളുടെ പരിസരം തുറന്നിട്ടു. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ ഈ സാധ്യത പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഡിജിറ്റൽ സൗകര്യങ്ങളുടെ ധാരാളിത്തത്തിൽ അഭിരമിക്കുന്ന മനുഷ്യർ മനസികാരോഗ്യത്തിൽ ദരിദ്രനായി മാറുന്നുണ്ടോ?
കാലഘട്ടത്തിന്റെതായ പ്രാതിനിധ്യ സ്വഭാവമുള്ള രണ്ട് വ്യക്തിത്വ വൈകല്യങ്ങളിലൊന്നാണ് ബോർഡർ ലൈൻ പേഴ്‌സണാലിറ്റി. ഇഷ്ടപ്പെടുന്നവർ തിരസ്കരിക്കുമെന്ന പേടി, സ്ഥായീഭാവമാക്കി ഒഴിവാക്കാൻ പെടാപ്പാട് പെടുന്നതാണ് ഒരു ലക്ഷണം. ലൈംഗികത, പണം ചിലവാക്കാൻ, ലഹരി പദാർഥങ്ങൾ പരീക്ഷിക്കാൻ, വേഗത്തിൽ വാഹനമോടിക്കൽ, അമിതതീറ്റ തുടങ്ങി അവനവനുതന്നെ അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങളിലേക്കുള്ള എടുത്തുചാട്ടവും ബോർഡർ ലൈൻ പേഴ്സണാലിറ്റിയിൽ സാധാരണം. ഇതിൽ രണ്ടാമത്തെയാണ് ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോഡർ. സാമൂഹിക മര്യാദകളോടോ നിയമങ്ങളോടോ തെല്ലും ആദരം കാട്ടാതെ കുറ്റകൃത്യങ്ങളും സാമൂഹികവിരുദ്ധ പ്രവർത്തികളും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷണം. ഈ അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ് ഇന്ന് ഏറെപ്പേരും.
മാനസികാരോഗ്യ സാക്ഷാത്കാരത്തിന് പണ്ടെത്തെക്കാൾ പ്രാധാന്യമേറുന്ന കാലമാണിതെന്ന് വ്യക്തം. അതിന്റെ ആദ്യ പാഠങ്ങൾ വീട്ടിൽ നിന്നുതന്നെ തുടങ്ങണം. മനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യം തന്നെ ഇല്ലെന്ന യാഥാർഥ്യം എല്ലാ പ്രായത്തിലും ഓർമപ്പെടുത്തുകയും . കാലം മാറിയാലും മനസ്സിന്റെ ആരോഗ്യത്തിന് ഒരു കോട്ടവും വരൻ സമ്മതിക്കില്ലെന്ന ശാഠ്യവും വേണം.