ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടായിരുന്നതായി മാനേജ്‌മെന്റ് വിദഗ്ധനും കോളമിസ്റ്റുമായ പ്രൊഫസര്‍ രാജീവ് ശ്രീനിവാസന്‍. ജനാഭിലാഷങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭമാണ് അവിടെ നടന്നതെന്ന് പറയാന്‍ ആവില്ല. വിദ്യാര്‍ത്ഥി വിപ്ലവം പ്രൊഫഷണല്‍ കലാപകാരികള്‍ ഏറ്റെടുക്കുകയായിരുന്നു. സമരത്തിന്റ ആദ്യദിവസങ്ങളില്‍ കൊല്ലപ്പെട്ട 204 പേരില്‍ 53 പേര്‍ മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇക്കാര്യം ദി ഡെയിലി സ്റ്റാര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രക്ഷോഭം പെട്ടെന്ന് അക്രമാസക്തമായത് ജമാഅത്തെ ഇസ്ലാമിയുടെയും, ബിഎന്‍പിയുടെയും ഇടപെടലുകള്‍ മൂലമായിരുന്നു.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോക്ടര്‍ ബി. എസ് ഹരിശങ്കര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ ഭരണ മാറ്റം-ഭൂരാഷ്ട്ര തന്ത്രപരമായ വിവക്ഷകള്‍ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഷേക്ക് ഹസീനയുടെ വിടവാങ്ങല്‍ ഭാരതത്തിന്റെ ഭൗമ രാഷ്ട്രീയ അഭിലാഷങ്ങള്‍ക്ക് ഏറ്റ കനത്ത പ്രഹരമാണ്. ഭാരതത്തിനോട് ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ അവിടെ സ്വാധീനം ഉറപ്പിക്കുകയാണ്. മേഖലയില്‍ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ പുതിയ സര്‍ക്കാരുമായുള്ള ബന്ധം ഭാരതം സന്തുലിതമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനുമായി ശക്തമായി ബന്ധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. സൈന്യത്തിന് മേലും അവര്‍ക്ക് സ്വാധീനമുണ്ട്. ചൈനയെ പോലെ തന്നെ ഭാരതത്തിന്റെ മുന്നേറ്റത്തെ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തിയാണ് അമേരിക്കയും. ഇവരുടെയൊക്കെ സ്വാധീനവും അവിടെ പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. ഹിന്ദുക്കളെ ഭീകരമായി അടിച്ചൊതുക്കിയതിനെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഒന്നും പറയാനില്ല എന്നത് ശ്രദ്ധേയമാണ്. ഏഷ്യയെ ഉയര്‍ത്താന്‍ പോകുന്ന മാതൃകാ നേതാവാണ് ഹസീന എന്ന ആഖ്യാനം ചമച്ചിരുന്നവര്‍ പൊടുന്നനെ അവരെ സേഛാധിപതി ആക്കി. അമേരിക്കയിലെ ഗൂഡ താല്‍പര്യക്കാരും മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ പിണിയാളുകളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 1971 ല്‍ 28 ശതമാനം ആയിരുന്നു. അതിപ്പോള്‍ 8% ആയി കുറഞ്ഞു. ചിറ്റഗോങ്ങ് മലയോരത്തിലെ ബുദ്ധമതക്കാരായ ചഗ്മകളും സമ്മര്‍ദ്ദത്തിലാണ്. ഭാരതം സി.എ.എ വിപുലപ്പെടുത്തണം. അല്ലെങ്കില്‍ ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഭാരതത്തിലേക്ക് മടങ്ങിവരാനുള്ള നിയമം പാസാക്കണം. ഇത്തരമൊരു നിയമം ഇസ്രയേലിലും മറ്റു രാജ്യങ്ങളിലും നിലവിലുണ്ട്. ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍, ഡോ. രാജി ചന്ദ്ര എന്നിവരും സംസാരിച്ചു.
CONTENT HIGHLIGHTS; Conspiracy behind regime change in Bangladesh: Prof. Rajeev Srinivasan