പാലക്കാട് കേരളത്തിന്റെ നെല്ലറ ആണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ അധികം അറിയപ്പെടാതെ ഒട്ടനവധി സാംസ്കാരിക പൈതൃക ചരിത്രങ്ങൾ പാലക്കാടുണ്ട്. പ്രകൃതി ഭംഗിയും പൗരാണികതയും കൂടിക്കലർന്ന കേരളത്തിന്റെ തനത് ഗ്രാമീണ ജീവിതം പാലക്കാട് മാത്രം കാണാവുന്ന ഒരു കാഴ്ച ആണ്. ഭാരതത്തിന്റെ ചരിത്രത്തിലെ പ്രഗല്ഭമായ ഹൈന്ദവ രാജ ഭരണ കാലം വിക്രമാദിത്യരുടേത് ആണ്. ആ കാലത്തിനോളം പഴക്കമുള്ളൊരു ഐതിഹ്യം കൂടി പാലക്കാടിന് ഉണ്ട്. വിക്രമാദിതന്റെ പണ്ഡിത സദസ്സിലെ വിജ്ഞാനിയായിരുന്ന വരരുജി ഒരു ബ്രാഹ്മണ ശ്രേഷ്ഠനാണ്. അദ്ദേഹം ഒരു പറയിപ്പെണ്ണിനെ വിവാഹം കഴിച്ച കഥയുടെ യഥാർത്ഥ ചരിത്രം പാലക്കാടിന്റെ ചുറ്റുപാടുകളിൽ ഇന്നും നമ്മൾ യാത്രകളിൽ കണ്ടുമുട്ടാറുണ്ട്. ചരിത്രാന്വേഷികളായ ഒരാൾക്കും വെറുമൊരു കെട്ടുകഥയായി തള്ളിക്കളയാൻ പറ്റാത്ത ദൃഢമായ വേരുകൾ ആണ് പാലക്കാടുള്ളത് . . ആ കഥയിലെ പഞ്ചമിയുടെ കുടുംബക്ഷേത്രം നേരിൽ കാണാനുള്ളൊരു അവസരം പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ വിനോദസഞ്ചാരികളെ നിലനിൽക്കുന്നു.
നരിപ്പറ്റ മന ജന്മം കൊണ്ടല്ലെങ്കിൽ പോലും പഞ്ചമിയുടെ കുടുംബമാണ്. പന്ത്രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒരു കുഞ്ഞിനെപോലും ലാളിക്കാനോ മുലയൂട്ടാനോ സാധിക്കാതെ പോയ ആ അമ്മയുടെ തറവാട് കാലപ്രവാഹത്തിൽ അവശേഷിപ്പിച്ചത് നരസിംഹ മൂർത്തിയുടെ കുടുംബക്ഷേത്രം മാത്രം ആണ് എന്ന് ഇവിടെ വരുന്ന വിനോദസഞ്ചാരികൾക്ക് മനസ്സിലാക്കാൻ സാധിക്കും. നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തെ അതിജീവിച്ച് ആ ക്ഷേത്രം ഇന്നും വലിയ ചൈതന്യത്തോടെ ഉയർന്ന നിൽക്കുന്ന കാഴ്ച കാണാം . എന്നാൽ ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു ക്ഷേത്രമായിട്ടു പോലും അവഗണനയുടെ പടുകുഴിയിലാണ് ഇന്നും ആ ക്ഷേത്രത്തിന്റെ സ്ഥാനം. ഏതാനും കൽക്കെട്ടുകളും പാതി തകർന്ന ചുറ്റുമതിലും നരസിംഹ മൂർത്തിയുടെ പ്രതിഷ്ഠയും ആണ് ഇന്നും കാണാൻ കഴിയുന്നത്.
അടച്ചുറപ്പുള്ള ഒരുവാതിൽ പോലുമില്ലാതെ ഈ മൂർത്തി കുടിയിരിക്കുന്ന ക്ഷേത്രത്തിന്റെ ഗർഭഗൃഹം ഏതു നിമിഷവും നിലം പതിച്ചേക്കാവുന്ന അവസ്ഥയിലാണ്. കേവലമായ വിശ്വാസങ്ങൾക്കുവേണ്ടി കോടികൾ ചിലവഴിക്കുന്ന പുതിയ തലമുറക്ക് ചരിത്ര പ്രാധാന്യമുള്ള ഇത്തരം ഇടങ്ങൾ സംരക്ഷിക്കാൻ താല്പര്യമുണ്ടാവണമെന്നില്ല. പക്ഷേ അപ്പോഴും ഓർമ്മിക്കേണ്ട മറ്റൊരു സത്യമുണ്ട് അറിയപ്പെടാതെ പോകുന്ന ഇതുപോലുള്ള ശേഷിപ്പുകൾ ഭാവി തലമുറക്കുകൂടി അവകാശപ്പെട്ടതാണ് എന്നത് .
Story Highlights ;