തൃശ്ശൂര്‍: തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് അന്വേഷണം. മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
തൃശ്ശൂര്‍ സിറ്റി എസിപിക്ക് അന്വേഷണച്ചുമതല നല്‍കി. പരാതിയില്‍ നാളെ അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം നിയമമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുക.
സുരേഷ് ഗോപി സത്യപ്രതിജ്ഞാ ലംഘനം ഉള്‍പ്പെടെ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിയ്ക്ക് തൃശൂര്‍ സിറ്റി എസിപി ഓഫിസില്‍ ഹാജരാകാന്‍ അനില്‍ അക്കരയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത.
ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാമനിലയത്തിൽ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി കുപിതനായി പ്രതികരിച്ചത്. ആരോപണം ഉയർന്നതുകൊണ്ട് മാത്രം കുറ്റക്കാരനായി കാണാനാവില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന നേതൃത്വം മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരേഷ് ഗോപി അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.
തൃശ്ശൂരിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിൽ കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.