അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണധ്രുവത്തിൽ ആദ്യമായി കാൽകുത്തണമെന്നാഗ്രഹിച്ച വീരപര്യവേക്ഷകനാണ് എഡ്വേർഡ് ഷാക്കിൾട്ടൻ. ആ സ്വപ്നം നടക്കാതെ പോയെങ്കിലും അന്റാർട്ടിക്ക തേടിപ്പോയ സാഹസികരുടെ കൂട്ടത്തിൽ അദ്വിതീയ സ്ഥാനമാണ് ഷാക്കിൾട്ടന് ഉള്ളത്. ഷാക്കിൾട്ടൻ തന്റെ അവസാനയാത്ര ചെയ്ത കപ്പൽ കാനഡ തീരത്തുനിന്ന് അടുത്തിടെ കണ്ടെത്തുകയുണ്ടായി.പാലിന്റെ ഘടന സംബന്ധിച്ച് ഒരു പഠനത്തിന് ഷാക്കിൾട്ടൻ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹമതറിഞ്ഞിട്ടില്ലെങ്കിലും. ഒരിക്കൽ അന്റാർട്ടിക്കയിലെ ക്യാംപിൽ നിന്ന് ഷാക്കിൾട്ടൻ കൊണ്ടുവന്ന പാൽപ്പൊടി ഗവേഷകർ കണ്ടെത്തുകയുണ്ടായി. 1908ൽ ന്യൂസീലൻഡിൽ നിന്നാണ് ഷാക്കിൾട്ടൻ അന്റാർട്ടിക്ക ലക്ഷ്യമാക്കി കപ്പൽയാത്ര തുടങ്ങിയത്. ധാരാളം പാലുൽപന്നങ്ങൾ നിംറോദ് എന്നു പേരുള്ള ആ കപ്പലിലുണ്ടായിരുന്നു. ആയിരം പൗണ്ട് പാൽപ്പൊടി, 192 പൗണ്ട് വെണ്ണ ഇതൊക്കെ ഇതിലുൾപ്പെട്ടിരുന്നു. കൂടാതെ രണ്ട് പെട്ടി പാൽക്കട്ടിയുമുണ്ടായിരുന്നു.
ഏതായാലും 100 വർഷത്തിലേറെ പഴക്കമുള്ള, കണ്ടെടുത്ത പാൽപ്പൊടിയും ഇന്നത്തെ പാലും തമ്മിൽ ഘടനാപരമായി ഒരു താരതമ്യ പഠനം ശാസ്ത്രജ്ഞർ ചെയ്തു. പാലിനു വലിയ വ്യത്യാസമൊന്നുമില്ല അന്നുമിന്നുമെന്നാണ് അവർക്ക് കിട്ടിയ ഫലം. ഷാക്കിൾട്ടണിന്റെ പാൽപ്പൊടി വിലയിരുത്തി അത് ഏത് പശുവിൽ നിന്നുള്ള പാലായിരുന്നു എന്നതുൾപ്പെടെ വിവരങ്ങൾ അവർ കണ്ടെത്തിയിരുന്നു. സവിശേഷതകളുള്ള വൻകരയായിരുന്നു അന്റാർട്ടിക്ക. മറ്റെല്ലാ വൻകരകളിലും യൂറോപ്യൻമാർ ചെല്ലുമ്പോൾ അവിടെ തദ്ദേശീയരായ ആളുകൾ പാർക്കുന്നുണ്ടായിരുന്നു. ആ നാടുകളെക്കുറിച്ചൊക്കെ പോയിട്ടില്ലെങ്കിലും അങ്ങനെയൊന്ന് അവിടെയുണ്ടെന്ന അറിവ് പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്യൻമാർക്കുണ്ടായിരുന്നു. എന്നാൽ അന്റാർട്ടിക്ക ഒരു ദുരൂഹതയായിരുന്നു. ആന്റ് ആർക്ടോസ് എന്ന പേരിൽ ഒരു ഭൂഭാഗം ഭൂമിയുടെ തെക്കേയറ്റത്തുണ്ടെന്ന് ഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. ഭൗമശാസ്ത്രപരമായ അനുമാനങ്ങളുടെ ബലത്തിലാണ് അവർ ഇങ്ങനെ വിശ്വസിച്ചത്. 17, 18 നൂറ്റാണ്ടുകളിൽ ടെറ ഓസ്ട്രലിസ് എന്ന ഒരു ഭൂഖണ്ഡം ഭൂമിയുടെ ദക്ഷിണഭാഗത്തുണ്ടെന്ന വിശ്വാസം പ്രബലമായിരുന്നു.
വിഖ്യാത പര്യവേക്ഷകനായ ജയിംസ് കുക്കാണ് അന്റാർട്ടിക് സർക്കിൾ ആദ്യമായി കടന്നത്.എച്ച്എംഎസ് റസല്യൂഷൻ, അഡ്വഞ്ചർ എന്നീ കപ്പലുകളിലായിരുന്നു ആ കടക്കൽ. പാറക്കെട്ടുകളും ഐസ് നിറഞ്ഞ ചില സ്ഥലങ്ങളുമൊക്കെ കണ്ടെങ്കിലും അന്റാർട്ടിക്കയുടെ യഥാർഥ ഭൂഭാഗം കാണാൻ കുക്കിനു സാധിച്ചില്ല. എന്നാൽ അങ്ങനെയൊരു ഭൂഖണ്ഡം അവിടെയുണ്ടെന്ന ശക്തമായ അഭ്യൂഹത്തിന് ഇതിടവച്ചു. 1820 ജനുവരി 28നാണ് അന്റാർട്ടിക വൻകര ആദ്യമായി മനുഷ്യദൃഷ്ടിയിൽ പതിയുന്നത്. വോസ്റ്റോക്, മിർനി എന്നീ റഷ്യൻ കപ്പലുകളിൽ യാത്ര ചെയ്തവരായിരുന്നു ആദ്യമായി അന്റാർട്ടിക്ക കണ്ടത്.
1895 ജനുവരി 24നു അന്റാർട്ടിക് എന്ന കപ്പലിലെത്തിയ ഹെൻറിക് ബുള്ളാണ് അന്റാർട്ടിക്കയിൽ ആദ്യമായി കാലുകുത്തിയത്. വൻകരയിലെ കേപ് അഡാരെ എന്ന സ്ഥലത്തായിരുന്നു ഇത്. ഇതിനു ശേഷം അന്റാർട്ടിക്ക വലിയൊരു ക്രേസായി പാശ്ചാത്യലോകത്ത് മാറി. അങ്ങനെയാണ് അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ വീരയുഗം അഥവാ ഹീറോയിക് ഏജ് ഓഫ് അന്റാർട്ടിക് എക്സ്പഡീഷൻ തുടങ്ങുന്നത്. അന്റാർട്ടിക്കയിൽ പോകുക എന്നത് ഇന്നത്തെ കാലത്ത് സ്പേസിൽ പോകുക എന്നതിനു തുല്യമായ കാര്യമായിരുന്നു, ഒരു പക്ഷേ അക്കാലത്തെ പരിമിതമായ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ആ പ്രവൃത്തി സ്പേസിൽ പോകുന്നതിലും ദുർഘടമായിരുന്നു. അതിനാൽ തന്നെ അന്റാർട്ടിക്കയിൽ പോയി തിരിച്ചുവന്നവർക്ക് വലിയ വീരപരിവേഷമാണു ലഭിച്ചത്.
STORY HIGHLLIGHTS: Unlocking History: Edward Shackleton’s Role in Antarctic Exploration and the Unlikely Milk Study