ചെന്നൈ: ഡി.എം.കെ എംപി എസ്. ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) കേസിലാണ് നടപടി. ഫെമ സെക്ഷൻ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. 2020 മുതല്‍ നടത്തിയ പരിശോധനകള്‍ പ്രകാരമാണ് പിഴ ചുമത്തിയത്.
ജഗത് രക്ഷകനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. 40ലധികം കേന്ദ്രങ്ങളിലാണ് ഇൻകം ടാക്‌സ് പരിശോധന നടത്തിയത്. ജഗത്‌രക്ഷകനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘം റെയ്ഡ് നടത്തിയിരുന്നു.
2021ലാണ് ഡിഎംകെ എംപിയ്ക്കും കുടുംബത്തിനുമെതിരെ ഫെമ നിയമലംഘനത്തിന് ഇ ഡി കേസെടുത്തത്. 2017വല്‍ സിംഗപ്പൂരില്‍ സ്ഥാപിച്ച ഒരു ഷെല്‍ കമ്പനിയില്‍ നിന്ന് 42 കോടി രൂപയുടെ നിക്ഷേപം ഫെമ നിയമം ലംഘിച്ച് ജഗദ് രക്ഷകും കുടുംബവുംമെടുത്തെന്നാണ് പരാതി. ശ്രീലങ്കന്‍ കമ്പനിയില്‍ നടത്തിയ 9 കോടി രൂപയുടെ ഇടപാടുകളിലെ നിയമലംഘനവും കൂടി കണക്കിലെടുത്താണ് ഭീമമായ പിഴ ഇ ഡി ചുമത്തിയിരിക്കുന്നത്.
76 കാരനായ എസ് ജഗത്രക്ഷകൻ ഡിഎംകെ ടിക്കറ്റിൽ അരക്കോണം ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈയിലെ ഹോസ്പിറ്റല്‍, ഫാര്‍മസി ബിസിനസ് രംഗത്തെ പ്രമുഖ കമ്പനിയായ അക്കോര്‍ഡ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂകേഷന്‍ ആന്‍ഡ് റിസര്‍ച്ച് (BIHER) എന്ന സ്ഥാപനത്തിന്റെ ഉടമയും ജഗദാണ്.