ഹവായ് ദ്വീപിലെ ഇപ്പോള്‍ നിര്‍ജീവമായിരിക്കുന്ന അഗ്നിപര്‍വതമാണ് കിലോയ . ഈ അഗ്നിപര്‍വത മുഖത്താണ് തിളയ്ക്കുന്ന ഹലേമാ ഉമാവു തടാകമുള്ളത്. ഒരു അഗ്നിപര്‍വ്വതം നിർജീവമാകുമ്പോഴാണ് ഇതിന്‍റെ മുഖങ്ങളില്‍ ഉല്‍ക്കകള്‍ പതിക്കുമ്പോഴുണ്ടാകുന്ന പോലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. കിലോയയുടെ ഗുഹാമുഖത്തുണ്ടായ ഇത്തരം ഗര്‍ത്തമാണ് ഹലേമാ ഉമാവൂ തടാകം രൂപപ്പെടാൻ കാരണമായത്. അഗ്നിപര്‍വതത്തിനടിയിലെ ചൂടു കൊണ്ടാകാം ഈ തടാകം തിളയ്ക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. മറ്റ് പലയിടത്തും ഈ പ്രതിഭാസം കണ്ടുവരാറുണ്ട്. പക്ഷേ അദ്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. ഈ തടാകം മുന്‍കാലങ്ങളേക്കാള്‍ വിസ്തൃതമായിക്കൊണ്ടിരിക്കുകയാണ്. അതായത് ഈ തടാകം വളരുകയാണ്. തിളച്ച് ആവിയായി പോകുന്നതിനിടയിലും ഈ തടാകം വളരണമെങ്കില്‍ അതിന് തക്കതായ ജലസ്രോതസ്സുണ്ടായിരിക്കണം. പക്ഷേ ഈ സ്രോതസ്സ് ഇതുവരെ ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല.
താരതമ്യേന പുതിയ ഗുഹാമുഖമാണ് കിലോയയുടേത്. ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തിയ ഭൗമസര്‍വേയിലാണ് ഈ തടാകം ശ്രദ്ധയില്‍ പെട്ടത്. ഇളം പച്ച നിറമുള്ള തടാകം രൂപപ്പെട്ടിട്ട് അധികം സമയമായിട്ടില്ലെന്നാണ് ഗവേഷകരുടെ നിഗമനം. പക്ഷേ മഴ വെള്ളത്തെ മാത്രം സ്രോതസ്സാക്കി ഈ തടാകത്തിന് ഇത്രയും വളരാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് തന്നെ അഗ്നിപര്‍വത മുഖത്ത് മറ്റൊരു സ്രോതസ്സുണ്ടാകണമെന്നാണ് ഇവര്‍ പറയുന്നത്. സമീപകാലത്താണ് ഈ തടാകം ഗവേഷകര്‍ കണ്ടെത്തിയത്. പക്ഷേ കണ്ടേത്തി അധികം വൈകാതെ തന്നെ തടാകത്തിലുണ്ടാകുന്ന മാറ്റം ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു. ഓഗസ്റ്റ് 7 നും 23 നും ഇടയില്‍ ഈ തടാകത്തിന്‍റെ വിസ്തൃതി വർധിച്ചത് ഏതാണ്ട് 15 മീറ്ററില്‍ അധികമാണ്. അതായത് ഓഗസ്റ്റ് 7 ന് തടാകത്തിന്‍റെ വിസ്തൃതി 15 മീറ്ററായിരുന്നു. പക്ഷേ ഓഗസ്റ്റ് 23 ആയപ്പോള്‍ ഈ വിസ്തൃതി 32 മീറ്ററായി.തുടക്കത്തില്‍ രണ്ട് വ്യത്യസ്ത ചെറു കുളങ്ങളായാണ് കാണപ്പെട്ടതെങ്കില്‍ ഇപ്പോള്‍ ഇവ ഒന്നായി മാറി. ഇതോടെ ഓഗസറ്റ് 30 ന് ഏതാണ്ട് 35 അടി വീതിയും, 80 അടി നീളവും ഈതടാകത്തിനു കൈവന്നു.
ഈ തടാകജലത്തിന്‍റെ ഉപരിതല താപനില ഏതാണ്ട് 70 ഡിഗ്രി സെല്‍ഷ്യസാണെന്നാണ് ഗവേഷകരുടെ കണക്കു കൂട്ടല്‍. വെള്ളം തിളയ്ക്കുന്ന സമയത്ത് കാണുന്ന ചലനങ്ങളും പുകയുമെല്ലാം ഈ തടാകത്തില്‍ കാണാന്‍ കഴിയും. കഴിഞ്ഞ വേനല്‍ക്കാലത്ത് ഈ അഗ്നിപര്‍വതം സജീവമായിരുന്നു. അന്നുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രദേശത്തെ കാലാവസ്ഥ തന്നെ മാറുകയും കനത്ത മഴയും കൊടുങ്കാറ്റും മറ്റും രൂപപ്പെടുകയും ചെയ്തു. ഇതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ തന്നെയാകാം ഇപ്പോള്‍ അഗ്നിപര്‍വത മുഖത്തെ തടാകത്തിലേക്ക് വെള്ളം എത്തുന്നതിന് കാരണമായതെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.
ഏതായാലും ഈ സ്രോതസ്സില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന ജലം വൈകാതെ കുറയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ തടാകത്തിലെ ജലം അധികം ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ തുടരുമെന്നും ഇവര്‍ കരുതുന്നു. ഏതായാലും ഹലേമാ ഉമാവു വലിയൊരു തടാകമായി രൂപപ്പെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
STORY HIGHLLIGHTS: pond-of-boiling-water-continues-to-grow-in-kilauea-crater-baffling-scientists